ട്രിപ്പോളി: ലിബിയയിലെ സിര്‍ത്തിയില്‍ നിന്നും ഐഎസ് ഭീകരര്‍ രണ്ട് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയി. ഒഡീഷ, ആന്ധ്രാപ്രദേശ് സ്വദേശികളായ പ്രവാഷ് രഞ്ജന്‍ സാമല്‍, രാമമൂര്‍ത്തി കോസനം എന്നിവരെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയതെന്നാണ് ട്രിപ്പോളിയില്‍ നിന്നും ഇന്ത്യന്‍ എംബസിക്ക് ലഭിച്ച വിവരം.
സിര്‍ത്തിയിലെ ഇബിന്‍ ഇ സിനയില്‍ ജോലി ചെയ്തു വരികയായിരുന്നു ഇവരെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ഇവരെ ആരാണ് തട്ടിക്കൊണ്ടു പോയതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ലെങ്കിലും ന്യൂഡല്‍ഹിയില്‍ നിന്നുള്ള വൃത്തങ്ങളാണ് സംഭവത്തിന് പിന്നില്‍ ഐഎസ് ആണെന്നും അറിയിച്ചത്. സംഭവത്തെപ്പറ്റി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ബന്ദികളായവരെ എത്രയും പെട്ടെന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് മന്ത്രാലയ വക്താവ് അറിയിച്ചിട്ടുണ്ട്.
കുറച്ച് മാസങ്ങള്‍ക്ക് മുന്പാണ് സിര്‍ത്തി പട്ടണത്തിന്റെ നിയന്ത്രണം ഐഎസ് ഏറ്റെടുത്തത്. മുമ്പ് നാല് ഇന്ത്യക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയിരുന്നു. ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങവെ സിര്‍ത്തിക്കടുത്തുള്ള ചെക്ക് പോസ്റ്റില്‍ നിന്നായിരുന്നു ഇവരെ ഭീകരര്‍ പിടികൂടി ബന്ദികളാക്കിയത്. ഇതില്‍ കര്‍ണാടക സ്വദേശികളായ രണ്ട് അദ്ധ്യാപകരെ വിട്ടയച്ചിരുന്നു. രണ്ട് പേര്‍ ഇപ്പോഴും ഭീകരരുടെ പിടിയിലാണ്.