പേസ്- ഹിംഗിസ് സഖ്യത്തിന് യു.എസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക്: ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സ്-സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് യുഎസ് ഓപ്പണ്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സ് കിരീടം. അമേരിക്കയുടെ സാം ക്വേറെ-ബെഥനീ മാറ്റക് സാന്‍ഡ്‌സ് സഖ്യത്തെ ടൈബ്രേക്കറില്‍ തോല്‍പിച്ചാണ് ഇന്തോ-സ്വിസ് സഖ്യം സീസണിലെ മൂന്നാം മിക്‌സഡ് ഡബിള്‍സ് കിരീടം ചൂടിയത്. സ്‌കോര്‍: 6-4, 3-6, 10-7.

പേസ്-ഹിംഗിസ് സഖ്യം ഈ വര്‍ഷം നേടുന്ന മൂന്നാം ഗ്രാന്‍സ്ലാം കിരീടമാണിത്. യുഎസ് ആസ്‌ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍ എന്നീ കിരീടങ്ങളും പേസ് സഖ്യം നേടിയിരുന്നു. 1969ന് ശേഷം ഒരേ വര്‍ഷം മൂന്നു മിക്‌സഡ് ഡബിള്‍സ് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടുന്ന ആദ്യ സഖ്യമാണ് ഇരുവരും.

യു.എസ് ഓപ്പണ്‍ വിജയത്തോടെ മിക്‌സഡ് ഡബിള്‍സില്‍ പേസിന് ഒമ്പത് കിരീടങ്ങളായി. എട്ട് പുരുഷ ഡബിള്‍സ് കിരീടങ്ങളും നാല്‍പത്തിരണ്ടുകാരനായ പേസിന്റെ പേരിലുണ്ട്.

ഹിംഗിസിന്റെ നാലാം മിക്‌സഡ് ഡബിള്‍സ് കിരീടമാണിത്. അഞ്ച് സിംഗിള്‍സ് കിരീടങ്ങളും പത്ത് വനിതാ ഡബിള്‍സ് കിരീടങ്ങളും ഉള്‍പ്പെടെ കരിയറില്‍ ആകെ 19 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വിസ് താരം നേടിയിട്ടുണ്ട്.

Top