മുസ്ലീം ലീഗിന്റെ രാജ്യസഭാ സീറ്റ് മുള്‍മുനയില്‍; സര്‍ക്കാരിന്റെ നിലനില്‍പ്പും അപകടത്തില്‍

തിരുവനന്തപുരം: ഏപ്രില്‍ 20ലെ രാജ്യസഭാ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിലെ വിധി നിര്‍ണയിക്കും. നിലവിലെ കക്ഷിനിലയനുസരിച്ച് യുഡിഎഫിന് രണ്ട് എം.പിമാരെയും എല്‍ഡിഎഫിന് ഒരു എം.പിയെയും വിജയിപ്പിക്കാനേ കഴിയൂ.

എന്നാല്‍ പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും നീക്കാനുള്ള മാണിയുടെ നിലപാട് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പ്രതീക്ഷ പകരുകയാണ്. നിലവില്‍ 36 എംഎല്‍എമാരുടെ വോട്ടാണ് ഒരു എം.പിയെ വിജയിപ്പിക്കാന്‍ വേണ്ടത്.

സ്പീക്കര്‍ കാര്‍ത്തികേയന്റെ നിര്യാണത്തോടെ യുഡിഎഫിന്റെ അംഗബലം 74ല്‍ നിന്നും 73 ആയി കുറഞ്ഞിട്ടുണ്ട്. എല്‍ഡിഎഫിന് 69 എംഎല്‍എമാരാണുള്ളത്. യുഡിഎഫ് വിട്ട കെ.ബി ഗണേഷ്‌കുമാറിന്റെ പിന്തുണ ലഭിക്കുന്നതോടെ അത് 70 ആയി ഉയരും പി.സി ജോര്‍ജും ഒപ്പം ഒരു യുഡിഎഫ് എംഎല്‍എകൂടി തുണച്ചാല്‍ 72 എംഎല്‍എമാരുടെ വോട്ടുമായി രണ്ടു രാജ്യസഭാ എം.പിമാരെ കേരളത്തില്‍ നിന്നു സൃഷ്ടിക്കാന്‍ ഇടതുമുന്നണിക്ക് കഴിയും

ഇനി പി.സി ജോര്‍ജിനെ മുന്നണിയില്‍ നിന്നും വിപ്പ് സ്ഥാനത്തു നിന്നും മാറ്റിയില്ലെങ്കില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സഹകരിക്കില്ലെന്ന് മാണി വ്യക്തമാക്കിയതും ഇടതുമുന്നണിക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. രണ്ട് വിഭാഗത്തിനും സ്വീകാര്യമായ നടപടി ഭരണപക്ഷത്തിന് സ്വീകരിക്കാന്‍ പറ്റാത്തതിനാല്‍ രണ്ടാമത്തെ രാജ്യസഭാ സീറ്റിലും വിജയ പ്രതീക്ഷയുണ്ടെന്നാണ് ഇടത് നേതാക്കള്‍ പറയുന്നത്.

ഏറെ രാഷ്ട്രീയ തിരിച്ചടികള്‍ നേരിട്ട സിപിഎമ്മിനും സിപിഐക്കും അതു പുതുജീവന്‍ പകരും. കോണ്‍ഗ്രസിനാവട്ടെ കനത്ത തിരിച്ചടിയുമാവും. രാജ്യസഭാ സീറ്റില്‍ രഹസ്യ പിന്‍തുണതേടി സിപിഎം കേന്ദ്രങ്ങള്‍ മൂന്നു എംഎല്‍എമാരുള്ള കേരള കോണ്‍ഗ്രസിലെ പി.ജെ ജോസഫ് വിഭാഗം, രണ്ടു എംഎല്‍എമാരുള്ള ആര്‍എസ്പി എന്നിവരെയും സമീപിച്ചിട്ടുണ്ട്. ഇടതുമുന്നണി മത്സരിക്കുന്ന രണ്ട് സീറ്റില്‍ ഒന്നില്‍ സിപിഎമ്മും മറ്റൊന്നില്‍ സിപിഐയുമാണ് മത്സരിക്കുന്നത്. യുഡിഎഫിലാകട്ടെ ഒന്ന് കോണ്‍ഗ്രസും മറ്റൊന്ന് മുസ്ലീം ലീഗുമാണ് പങ്കിട്ടെടുക്കുന്നത്.

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ സീറ്റും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ആവശ്യപ്പെട്ട ആര്‍എസ്പിക്ക് അവ ലഭിച്ചില്ലെങ്കില്‍ യുഡിഎഫ് വിടാനുള്ള രാഷ്ട്രീയ സാഹചര്യം ഉരുത്തിരിയും. പഴയ ഘടകകക്ഷിയായ ആര്‍എസ്പി എത്തിയാലും രാജ്യസഭയില്‍ രണ്ടു എം.പിമാരെ ഇടതുപക്ഷത്തിനു ലഭിക്കും. ഒപ്പം ലോക്‌സഭയിലെ കക്ഷിനിലയില്‍ ഒരാള്‍കൂടി വര്‍ധിക്കും. കൊല്ലത്ത് യുഡിഎഫ് പിന്‍തുണയോടെ വിജയിച്ച മുന്‍ മന്ത്രി പ്രേമചന്ദ്രനെയും ഇടതുപാളയത്തിലേക്കു ലഭിക്കും. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കള്‍ ഇല്ലാത്തതിനാല്‍ ഇതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

രാജ്യസഭ തെരഞ്ഞെടുപ്പിലെ അപകടം മണത്താണ് മാണി കര്‍ക്കശമായി ആവശ്യപ്പെട്ടിട്ടും പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നീക്കാത്തത്. ജോര്‍ജ് മുന്‍കൈഎടുത്ത് യുഡിഎഫ് ഘടകകക്ഷികളെ ഇടതുപക്ഷത്തേക്ക് അടര്‍ത്തിമാറ്റമോ എന്ന ഭയമാണ് മുഖ്യമന്ത്രിക്കുള്ളത്. അതുകൊണ്ടാണ് രാജ്യസഭാ തെരഞ്ഞെടുപ്പിനു ശേഷം നടപടിയെന്ന തന്ത്രം ഉമ്മന്‍ചാണ്ടി പയറ്റിയത്. മാണിക്കും ജോസഫിനും ഇടയില്‍ മധ്യസ്ഥനായി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എത്തിയതും രാജ്യസഭിയില്‍ സീറ്റ് നഷ്ടമാകുമെന്ന ആശങ്കയിലാണ്.

എന്നാല്‍ ഇപ്പോള്‍ മാണിയുടെ കടുത്ത നിലപാടോടെ ഈ നീക്കങ്ങളെല്ലാം പാളിയിരിക്കുകയാണ്.

2010ല്‍ അബ്ദുല്‍ വഹാബിന്റെ കാലാവധി കഴിഞ്ഞ ശേഷം രാജ്യസഭയില്‍ ലീഗിന് പ്രാതിനിധ്യമുണ്ടായിട്ടില്ല. ആറ്റു നോറ്റു കിട്ടിയ രാജ്യസഭാ സീറ്റ് യുഡിഎഫിലെ പടലപ്പിണക്കം കാരണം നഷ്ടമാകുമോ എന്ന ആശങ്ക ലീഗിന്റെ ഉറക്കം കെടുത്തുകയാണിപ്പോള്‍.

രാജ്യസഭാ സീറ്റില്‍ അടിപതയറിയാല്‍ സര്‍ക്കാരിന് തന്നെ രാജിവെക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top