മലപ്പുറം: മുസ്ലീം ലീഗില്‍ ജനാധിപത്യ അഭിപ്രായം ബലികഴിച്ച് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളുടെ തീരുമാനമായി പി.വി അബ്ദുല്‍വഹാബ് രാജ്യസഭയിലേക്ക്.
ഇന്നലെ കോഴിക്കോട് നടന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ ഭൂരിപക്ഷവും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആവശ്യപ്പെട്ടത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദ് വഹാബിനു വേണ്ടിയും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മജീദിനുവേണ്ടിയും ശക്തമായി നിലയുറപ്പിച്ചു.
ഇതിനുപിന്നാലെ ഹൈദരലി തങ്ങള്‍ ജില്ലാ ഭാരവാഹികളുടെ അഭിപ്രായം കേട്ടു. മലപ്പുറം, പാലക്കാട് ജില്ലാ പ്രസിഡന്റുമാര്‍ ഒഴികെ 12 ജില്ലാ ഭാരവാഹികളും മജീദിനെ പിന്തുണച്ചതോടെ തീരുമാനം തങ്ങള്‍ക്കു വിട്ട് യോഗം പിരിയുകയായിരുന്നു.
യോഗം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മുന്‍ ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഇളയ മകന്‍ മുനവറലി ശിഹാബ് തങ്ങള്‍ മുതലാളിയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതും വിവാദമായിരുന്നു.
ലീഗിന്റെ രാജ്യസഭാ സീറ്റ് മുമ്പ് ഒരു മുതലാളിക്ക് നല്‍കിയപ്പോള്‍ പാര്‍ട്ടിക്ക് വലിയ വിലകൊടുക്കേണ്ടിവന്നിട്ടുണ്ടെന്നും തന്റെ പിതാവിനെ ഏറെ വിഷമിപ്പിച്ച തീരുമാനമായിരുന്നു അതെന്നും പോസ്റ്റിലുണ്ട്. ഈ തീരുമാനം വേണ്ടായിരുന്നുവെന്ന് പിതാവ് പലതവണ പറയുന്നത് കേട്ടിട്ടുണ്ട്.
ലീഗ് പ്രവര്‍ത്തകരുടെ ആവേശംകെടുത്തുന്ന പഴയ തീരുമാനത്തിന്റെ തനിയാവര്‍ത്തനം ഇനിയുമുണ്ടാവരുത്. പിതാവ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പൊരുത്തമില്ലാത്ത ഒരു തീരുമാനം ഇനി ഉണ്ടാവില്ല എന്നു പ്രാര്‍ഥിക്കാം എന്നാണ് പോസ്റ്റില്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ പോസ്റ്റ് വിവാദമായതോടെ ഒരു മണിക്കൂറിനകം തന്നെ മുനവറലി ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. നേരത്തെ രാജ്യസഭാ സ്ഥാനര്‍ത്ഥിയാകാന്‍ മുനവറലിയും താല്‍പര്യം കാട്ടിയിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. തങ്ങള്‍ കുടുംബത്തിലുള്ളവര്‍ പര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ഇറങ്ങാറില്ലെന്ന പാരമ്പര്യം ഉയര്‍ത്തിയാണ് കുടുംബത്തില്‍ നിന്നു തന്നെ മുനവറലിയെ തടഞ്ഞത്.
മുനവറലിയുടെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ ജ്യേഷ്ഠന്‍ ബഷീറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നു. ‘മുസ്ലീം ലീഗിന്റെ രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തശേഷം സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. ഉചിതമായ തീരുമാനത്തിനായി നമുക്കു കാത്തിരിക്കാം’ എന്നായിരുന്നു ബഷീറലിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
മുസ്ലീം ലീഗിന്റെ അവസാന വാക്കായ തങ്ങള്‍ കുടുംബത്തിന്റെ അപ്രമാദിത്വത്തിന് വിള്ളല്‍ വീഴ്ത്തുന്ന ശ്രമമുണ്ടായപ്പോഴാണ് ലീഗിന്റെ ശക്തികേന്ദ്രമായ സമസ്ത ഇ.കെ സുന്നിവിഭാഗത്തിന്റെയും കെഎംസിസിയുടെയും വാക്കുകള്‍കൂടി മുഖവിലക്കെടുത്ത് പി.വി അബ്ദുല്‍വഹാബിനെ ഹൈദരലി തങ്ങള്‍ രജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
യോഗം ചേര്‍ന്ന് തീരുമാനം തങ്ങള്‍ക്കു വിട്ട് കോഴി ബിരിയാണി കഴിച്ചു പിരിയുക എന്ന രാഷ്ട്രീയ വിമര്‍ശകരുടെ കളിയാക്കല്‍ ഇനി ലീഗിനു വീണ്ടും സഹിക്കേണ്ടിവരും എന്നാണ് പുതിയ രാജ്യസഭാ സ്ഥാനാര്‍ത്ഥി തീരുമാനവും തെളിയിക്കുന്നത്. പാര്‍ട്ടി ദേശീയ അധ്യക്ഷനെ സംസ്ഥാന പ്രസിഡന്റ് തീരുമാനിക്കുന്ന പാര്‍ട്ടിയെന്ന പേരുദോഷവും നേരത്തെ തന്നെ ലീഗിനുണ്ട്.
അതേസമയം വഹാബിന്റെ സ്ഥാനാര്‍ത്ഥിത്വം മുസ്ലീം ലീഗ് അണികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നേരത്തെ മഞ്ചേരിയിലുണ്ടായ അനുഭവം ഇനിയും ആവര്‍ത്തിക്കുമോയെന്ന ആശങ്ക ലീഗ് നേതൃത്വത്തിനുമുണ്ട്.
മുന്‍പ് എതിര്‍പ്പുകള്‍ മറികടന്ന് വഹാബിനെ രാജ്യസഭയിലേക്കയച്ചതിലുള്ള പ്രതിഷേധം മഞ്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചാണ് അണികള്‍ പ്രതികരിച്ചിരുന്നത്. ഈ ചരിത്രം വീണ്ടും ആവര്‍ത്തിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.