ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസുകളിലും ഗുരുതരമായ കുറ്റകൃത്യങ്ങളിലും ജുവനൈല്‍ നിയമപ്രകാരം വിചാരണ നേരിടാനുള്ള പ്രായം 15 ആക്കി കുറയ്ക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍.
ലൈംഗിക പീഡന കേസുകളില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിയ്ക്കുമെന്നും കേജ്‌രിവാള്‍ പറഞ്ഞു. കാബിനറ്റ് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിയ്ക്കുകയായിരുന്നു കേജ്‌രിവാള്‍.
ഡല്‍ഹിയില്‍ രണ്ടരയും അഞ്ചും വയസ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായ പശ്ചാത്തലത്തിലാണ് കേജ്‌രിവാളിന്റെ ആവശ്യം. ഇതില്‍ ഒരു കേസില്‍ പിടിയ്ക്കപ്പെട്ട പ്രതികള്‍ രണ്ട് പേരും 17 വയസുകാരാണ്.
മോശം ജനങ്ങളെല്ലാം ജീവിക്കുന്നത് ഡല്‍ഹിയിലാണെന്ന് താന്‍ കരുതുന്നില്ല. കൊല്‍ക്കത്ത, ന്യൂയോര്‍ക്ക്, ലണ്ടന്‍, വാരണാസി എന്നിവിടങ്ങളിലുള്ളവരെല്ലാം വിശുദ്ധരാണെന്ന് കരുതുന്നില്ലെന്നും കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു.
കുറ്റവാളികള്‍ക്ക് നിയമത്തില്‍ ഭയമില്ലാതായതാണ് ഡല്‍ഹിയില്‍ മാനഭംഗക്കേസുകള്‍ വര്‍ധിക്കാന്‍ മുഖ്യകാരണം. തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് മാനഭംഗം ചെയ്യുന്നയാള്‍ക്ക് അറിയാമെന്നും കേജ്‌രിവാള്‍ പറഞ്ഞു.
സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് പഠിക്കാനായി മന്ത്രിമാരടങ്ങിയ പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. നിയമ മന്ത്രി മനീഷ് സിസോദിയയാണ് ഇതിന്റെ തലവന്‍. മാനഭംഗക്കേസുകളിലെ നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുക, തീര്‍പ്പാക്കാതെ കിടക്കുന്ന മാനഭംഗക്കേസുകളുടെ എണ്ണം ശേഖരിക്കുക എന്നിവയാണ് സമിതിയുടെ പ്രധാന ലക്ഷ്യം.
മാനഭംഗക്കേസുകളില്‍ പ്രതികളാകുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കുന്നതിനായുള്ള സാധ്യതകളെക്കുറിച്ചും സമിതി പരിശോധിക്കും. മാനഭംഗക്കേസുകളിലെ ജുവൈനല്‍ പ്രതികളുടെ പ്രായം 15 വയസ്സായി കുറയ്ക്കാനും സമിതി ശുപാര്‍ശ ചെയ്യും. 15 ദിവസത്തിനകം സമിതി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കേജ്‌രിവാള്‍ അറിയിച്ചു.
പ്രാദേശിക പൊലീസ് സ്റ്റേഷനുകളില്‍ നിന്നും സഹായം ലഭിക്കാത്ത സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക പൊലീസ് സ്റ്റേഷന്‍ രൂപീകരിക്കാന്‍ കഴിയുമോയെന്നും പരിശോധിക്കുന്നുണ്ട്.