മണ്‍റോവിയ: എബോള വൈറസിനെ നിയന്ത്രിക്കാനുള്ള പ്രതിരോധ വാക്‌സിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചു തുടങ്ങി. ലൈബീരിയന്‍ തലസ്ഥാനമായ മണ്‍റോവിയയിലാണ് പരീക്ഷണത്തിനും തുടക്കം കുറിച്ചത്. തിങ്കളാഴ്ച ആരോഗ്യ രംഗത്തുള്ളവരടക്കം 30,000 സന്നദ്ധ പ്രവര്‍ത്തകരിലാണു പരീക്ഷണം നടന്നത്.
മണ്‍റോവിയയില്‍ നൃത്ത സംഗീത പരിപാടികളുടെ അകമ്പടിയോടെയാണ് ക്യാമ്പയിന്‍ നടക്കുന്നത്. എബോള വാക്‌സിന്‍ ലൈബീരിയക്കും ലോകത്തിനും ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ക്യാമ്പ് സന്ദര്‍ശിച്ച ലൈബീരിയന്‍ വൈസ് പ്രസിഡന്റ് ജോസഫ് ന്യൂമ ബൊകെയ് പറഞ്ഞു. എബോള ബാധിച്ച് ഏകദേശം 9,000 പേര്‍ മരിച്ചതില്‍ 3,600 പേരും ലൈബീരിയക്കാരാണ്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ ലൈബീരിയ, ഗിനിയ, സിയോറ ലിയോണ്‍ എന്നിവിടങ്ങളിലാണ് രോഗം ഏറ്റവും കൂടുതല്‍ നാശം വിതച്ചിരിക്കുന്നത്.