ലൈറ്റ് മെട്രോ കിട്ടിയില്ലെങ്കില്‍ അമേരിക്കന്‍ കമ്പനി കോഴക്കണക്ക് പുറത്തുവിട്ടേക്കും?

ന്യൂഡല്‍ഹി: ഡി.എം.ആര്‍.സിയെയും ഇ. ശ്രീധരനെയും ഒഴിവാക്കി ലൈറ്റ് മെട്രോ കണ്‍സള്‍ട്ടന്‍സി കരാര്‍ അമേരിക്കന്‍ കമ്പനിയായ ലൂയിസ് ബര്‍ഗര്‍ ഇന്റര്‍നാഷണലിനു നല്‍കിയില്ലെങ്കില്‍ കോടികളുടെ കോഴക്കണക്ക് പുറത്തുവരുമെന്ന ഭീതിയില്‍ സര്‍ക്കാരിലെ ഉന്നതര്‍.

മൂന്ന് സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ നേതാക്കളെ വെള്ളംകുടിപ്പിക്കുന്ന കോഴ ഇടപാടുകേസില്‍പെട്ട ലൂയിസ് ബര്‍ഗര്‍ ഇന്റര്‍നാഷനലാണ് സര്‍ക്കാരിനെയും രാഷ്ട്രീയ നേതാക്കളെയും വെട്ടിലാക്കിയിരിക്കുന്നത്.

കേരള സംസ്ഥാന ഗതാഗത പദ്ധതി (കെ.എസ്.ടി.പി) ഒന്നാം ഘട്ടത്തിന് രൂപരേഖ തയാറാക്കിയത് ലൂയിസ് ബര്‍ഗറാണ്. കെ.എസ്.ടി.പി പദ്ധതിക്കെതിരെ വിജിലന്‍സ് അന്വേഷണവും നിരവധി കേസുകളുമുണ്ടായിരുന്നു.

നിര്‍മാണത്തിലെ അഴിമതി സംബന്ധിച്ച ആരോപണങ്ങള്‍ മുന്‍നിര്‍ത്തി ഒരു ഘട്ടത്തില്‍ സി.ബി.ഐ അന്വേഷണത്തിന് വിടേണ്ടിവരുമെന്ന് കോടതി അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍, കണ്‍സള്‍ട്ടന്‍സി കരാര്‍ നേടുന്നതിന് പണം വാരിയെറിയുന്ന അമേരിക്കന്‍ കമ്പനിയാണ് ലൂയിസ് ബര്‍ഗറെന്ന കാര്യം ഇപ്പോഴാണ് വെളിപ്പെടുന്നത്. വന്‍കിട സ്ഥാപനം കേരളത്തില്‍ പണമെറിഞ്ഞ് സ്വാധീനം ചെലുത്തിയെന്ന വിവരമാണ് ഇതോടെ പുറത്താകുന്നത്.

ഗോവ, അസം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാറുകളെയാണ് ലൂയി ബര്‍ഗര്‍ കോഴക്കേസ് വേട്ടയാടുന്നതെങ്കില്‍, കേരളത്തില്‍ സ്ഥിതി മറ്റൊന്നാണ്. 1999ലാണ് കെ.എസ്.ടി.പി പദ്ധതി നിര്‍ദേശം രൂപപ്പെട്ടത്. എല്‍.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിച്ചതിനിടയില്‍ കെ.എസ്.ടി.പി പദ്ധതി വിവാദത്തിന്റെ അകമ്പടിയോടെ മുന്നോട്ടുപോയി.

രണ്ടാംഘട്ട പദ്ധതി പ്രവര്‍ത്തനം വടക്കന്‍ ജില്ലകളില്‍ നടന്നുവരുന്നു. ഇതിന്റെ കണ്‍സള്‍ട്ടന്‍സി മറ്റൊരു അമേരിക്കന്‍ സ്ഥാപനമായ വില്‍ബര്‍ സ്മിത്ത് അസോസിയേറ്റഡ് പ്രൈവറ്റ് ലിമിറ്റഡാണ് നേടിയത്. തുടക്കത്തില്‍ 1612 കോടി രൂപ ചെലവു കണക്കാക്കിയ പദ്ധതിയാണ് കെ.എസ്. ടി.പി. 255 കിലോമീറ്റര്‍ റോഡ് വികസനം, 1009 കിലോമീറ്റര്‍ നവീകരണം, 93 കിലോമീറ്റര്‍ ഉള്‍നാടന്‍ ജലപാത വികസനം എന്നിവ അടങ്ങുന്നതായിരുന്നു ആദ്യഘട്ടം. രണ്ടാം ഘട്ടം 366 കിലോമീറ്ററിന്റേതാണ്.

കണ്‍സള്‍ട്ടന്‍സി കിട്ടുന്നതിന് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും വന്‍തുക കൈക്കൂലി കൊടുത്തിട്ടുണ്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ലൂയിസ് ബര്‍ഗറിലെ രണ്ട് മുന്‍ജീവനക്കാര്‍ക്ക് ന്യൂജഴ്‌സി കോടതി പിഴ വിധിച്ചിരുന്നു. ഈ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഗോവയില്‍ പൊതുമരാമത്ത് മുന്‍മന്ത്രി ചര്‍ച്ചില്‍ അലിമാവോ അറസ്റ്റിലുമായി.

60 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന മുന്‍മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് അറസ്റ്റ് ഒഴിവാക്കാന്‍ പൊലീസിനെ വെട്ടിച്ചു നടക്കുകയാണ്. ഇന്ത്യന്‍ സംസ്ഥാനങ്ങളിലും മറ്റു മൂന്നു രാജ്യങ്ങളിലുമായി 110 കോടിയില്‍പരം രൂപയാണ് ലൂയിസ് ബര്‍ഗര്‍ കൈക്കൂലി ഇനത്തില്‍ മുടക്കിയത്.

ഗോവക്കുപുറമെ അസം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്ന് ക്രമക്കേടുകളുടെ വിവരം പുറത്തു വരുന്നുണ്ട്. കണ്‍സള്‍ട്ടന്‍സി ഇടപാടിനെക്കുറിച്ച് അസം, മഹാരാഷ്ട്ര സര്‍ക്കാറുകള്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അസമിലും ജലവിതരണ -മലിനജല നിര്‍മാര്‍ജന പദ്ധതികളുടെ കണ്‍സള്‍ട്ടന്‍സി നേടുന്നതിന് വന്‍തുക കോഴ നല്‍കിയെന്നാണ് അമേരിക്കന്‍ കോടതിയില്‍ ലൂയിസ് ബര്‍ഗറിലെ മുന്‍ജീവനക്കാര്‍ നടത്തിയ വെളിപ്പെടുത്തല്‍.

മഹാരാഷ്ട്രയില്‍ അമേരിക്കന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം തയാറാക്കിയത് വന്‍പദ്ധതികളുടെ രൂപരേഖയാണ്. മുംബൈ മെട്രോ റെയില്‍ സര്‍വീസ്, മോണോ റെയില്‍, നവി മുംബൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, സാന്താക്രൂസ്‌ചേമ്പൂര്‍ ലിങ്ക് റോഡ് പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യ സര്‍ക്കാറിന്റെ കാലത്താണ് കണ്‍സള്‍ട്ടന്‍സി ഇടപാട്. ഇതില്‍ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തി ബി.ജെ.പി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

കേരളത്തില്‍ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ കണ്‍സള്‍ട്ടന്‍സി കരാറിനായി ലൂയിസ് ബര്‍ഗര്‍ ശ്രമിച്ചിരുന്നു. ഇതിനായി പണം വാരിയെറിഞ്ഞതായും പറയപ്പെടുന്നു.

ഇ. ശ്രീധരനെയും ഡി.എം.ആര്‍.സിയെയും മാറ്റി ലൂയിസ് ബര്‍ഗറിനു കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കാനാണ് അണിയറയില്‍ നീക്കം. കരാര്‍ ലഭിച്ചില്ലെങ്കില്‍ കോഴകാര്യം കമ്പനി പുറത്തുവിടുമെന്ന പേടിയും സര്‍ക്കാരിലെ ‘ഉന്നതര്‍ക്കുണ്ട്’.

Top