ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്ന വിശദാംശങ്ങള്‍ വ്യക്തമാക്കി പുതിയ പദ്ധതിരേഖ സമര്‍പ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. പുതിയ പദ്ധതി രേഖ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനും തമ്മില്‍ നേരത്തെ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. നേരത്തെ അയച്ച കത്തിലെ വ്യക്തതക്കുറവ് കാരണമാണ് വീണ്ടും കത്തയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കൊച്ചി മെട്രോ പദ്ധതി നടപ്പാക്കാന്‍ സ്വീകരിച്ച രീതികളും നടപടികളും ലൈറ്റ് മെട്രോകള്‍ക്കും മാതൃകയായി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്. പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും ഉള്‍പ്പെട്ട കത്ത് കേന്ദ്രത്തിന് നല്‍കാനാണ് തീരുമാനം. ഇതുപ്രകാരം ആദ്യം നല്‍കിയ കത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

Top