ലൈസന്‍സ് ലഭിച്ചില്ല; പുലി ഇറങ്ങാന്‍ വൈകുന്നു,ആരാധകര്‍ പ്രതിഷേധത്തില്‍

തമിഴ്‌സൂപ്പര്‍താരം ഇളയദളപതി വിജയ് നായകനായ പുതിയ ചിത്രം പുലി യുടെ റിലീസ് വൈകുന്നു. കേരളത്തിലും തമിഴ്‌നാട്ടിലുമടക്കമുള്ള തിയറ്ററുകളില്‍ ഇതുവരെയും റിലീസ് നടന്നിട്ടില്ല. ചിത്രത്തിന്റെ നടനും സംവിധായകനും നിര്‍മാതാക്കള്‍ അടക്കമുള്ളവരുടെ വീടുകളില്‍ ഇന്നലെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് റിലീസ് നീണ്ടുപോകുന്നത്. നികുതിപ്പണം ഇന്നലെ രാത്രി തന്നെ അടച്ചിരുന്നുവെങ്കിലും പ്രദര്‍ശനത്തിനുള്ള ലൈസന്‍സ് ലഭിക്കാത്തതാണ് റിലീസ് വൈകുന്നതിനുള്ള കാരണം.

രാവിലെ 5 മണിക്കാണ് റിലീസ് നിശ്ചയിച്ചിരുന്നത്. അതുകൊണ്ട് തന്നെ പുലര്‍ച്ചെ 3 മണി മുതല്‍ ആരാധകര്‍ സിനിമ റിലീസ് ചെയ്യുന്ന തീയറ്ററുകള്‍ക്ക് കാത്തു നില്‍ക്കുകയായിരുന്നു. തലേദിവസം നഗരത്തില്‍ എത്തിയവര്‍ പോലും ഇതിലുണ്ട്. എന്നാല്‍ പിന്നീട് സിനിമ ഉച്ചയ്ക്ക് 12 മണിക്കേ പ്രദര്‍ശിപ്പിക്കൂ എന്നറിഞ്ഞതോടെ നിരാശരായ കാണികള്‍ തീയറ്ററിലേക്ക് കല്ലെറിഞ്ഞു.

പ്രേക്ഷകര്‍ രോഷാകുലരാകുന്നതിന് മുമ്പായി തന്നെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് തീയറ്ററുകള്‍. തലസ്ഥാനത്ത് അഞ്ചു തീയറ്ററുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്.

വിജയ് നായകനാകുന്ന ചിത്രത്തില്‍ ശ്രുതിഹാസനാണ് നായികയാകുന്നത്. മുന്‍കാല നടി ശ്രീദേവി ദീര്‍ഘകാലത്തിന് ശേഷം സ്വന്തം ഭാഷയിലേക്ക് മടങ്ങി വരുന്നചിത്രം കൂടിയാണ് പുലി.

Top