ലോകകപ്പിനു ശേഷം പാക്ക് താരം യൂനിസ് ഖാന്‍ വിരമിക്കുന്നു

മെല്‍ബണ്‍: ലോകകപ്പിനു ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങി പാക്കിസ്ഥാന്‍ താരം യൂനിസ് ഖാന്‍. എന്നാല്‍ ടെസ്റ്റു മത്സരങ്ങളില്‍ തുടര്‍ന്നും കളിക്കും. ട്വിറ്ററിലൂടെയാണു യൂനിസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ലോകകപ്പിലെ പാക്കിസ്ഥാന്‍ തോറ്റ ആദ്യ രണ്ടു മത്സരങ്ങളിലും യൂനിസ് തിളങ്ങിയിരുന്നില്ല. ലോകകപ്പിലെ പാക്കിസ്ഥാന്റെ ദയനീയ തോല്‍വികള്‍ക്കു പിന്നാലെ യൂനിസ് വിരമിക്കണമെന്ന ആവശ്യവുമായി മുന്‍ താരങ്ങള്‍ രംഗത്തെത്തി.

ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷമാണു യൂനിസ് ഏകദിന ടീമിലേക്കു തിരിച്ചെത്തിയത്. അടുത്തിടെ നടന്ന ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമായിരുന്നു തിരിച്ചുവരവിനു വഴിവച്ചത്. തുടര്‍ന്നു ന്യൂസിലന്‍ഡിനെതിരേ നടന്ന ഏകദിന പരമ്പരയിലും സെഞ്ചുറി നേടി യൂനിസ് വരവറിയിച്ചു.

37 വയസുകാരനായ യുനിസ് 263 ഏകദിനങ്ങളില്‍ പാക്കിസ്ഥാനു വേണ്ടി പാഡണിഞ്ഞിട്ടുണ്ട്. 31.31 ശരാശരിയില്‍ 7,203 റണ്‍സ് നേടിയ യൂനിസ് ഏഴു സെഞ്ചുറികളും 48 അര്‍ധ സെഞ്ചുറികളും ഇതുവരെ നേടിയിട്ടുണ്ട്.

Top