ഓക്‌ലന്‍ഡ്: ലോകകപ്പിലെ ആദ്യ സെമിയില്‍ മഴ വില്ലനായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് 38 ഓവറില്‍ എത്തിയപ്പോഴാണ് മഴ പെയ്തത്. മൂന്ന് വിക്കറ്റിന് 216 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. അര്‍ധസെഞ്ചുറിയോടെ ഡി വില്ല്യേഴ്‌സും (38 പന്തില്‍ 60) ഡു പ്ലസിസും (106 പന്തില്‍ 82) ക്രീസിലുണ്ട്.
തുടക്കത്തിലേ ഹാഷിം ആംലയേയും (10) ഡി കോക്കിനേയും (14) നഷ്ടമായ ദക്ഷിണാഫ്രിക്കയെ ഡുപ്‌ലസിസും റൂസോയും (39) ചേര്‍ന്നുള്ള മൂന്നാം വിക്കറ്റിലെ 89 റണ്‍സാണ് കരകയറ്റിയത്. ട്രെന്റ് ബോള്‍ട്ട് ആണ് ആദ്യ രണ്ട് വിക്കറ്റും നേടിയത്. കോറി ആന്‍ഡേഴ്‌സനാണ് ഒരു വിക്കറ്റ്.
മഴ ശക്തമായതോടെ കളി നിര്‍ത്താന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. 23 വര്‍ഷം മുമ്പ് ഓസ്‌ട്രേലിയന്‍ വന്‍കരയില്‍ നടന്ന ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മഴ സമ്മാനിച്ചത് ക്രൂരമായ വിധിയായിരുന്നു. സ്വന്തം നാട്ടില്‍ 2003ലും മഴയുടെ കളിയില്‍ ദക്ഷിണാഫ്രിക്ക തോറ്റ് പുറത്തായിരുന്നു. മഴയുടെ കളിയില്‍ ആശങ്ക രേഖപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ട്വിറ്ററില്‍ പോസ്റ്റ് ഇടുകയും ചെയ്തിട്ടുണ്ട്. മഴ പെട്ടെന്ന് മാറുമെന്ന പ്രത്യാശയും അവര്‍ പ്രകടിപ്പിച്ചു.
ഈ ലോകകപ്പില്‍ മഴമൂലം മല്‍സരം റിസര്‍വ്വ് ദിവസമായ നാളെയും ഉപേക്ഷിക്കേണ്ടിവന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ മികവില്‍ ന്യൂസിലാന്‍ഡിന് ഫൈനലില്‍ എത്താനാകും. ഇന്ന് മഴ മാറിയാല്‍ മല്‍സരം ഓവര്‍ പരിമിതപ്പെടുത്താന്‍ സാധ്യതയുണ്ട്. പരിമിതപ്പെടുത്തിയ ഓവറില്‍ മല്‍സരം തുടങ്ങിയശേഷം വീണ്ടും മഴയെത്തിയാല്‍ പരിമിതപ്പെടുത്തിയ ഓവറില്‍ത്തന്നെ നാളെ മല്‍സരം നടത്തും. പരിമിതപ്പെടുത്തിയ ഓവറില്‍ ഇന്ന് മല്‍സരം തുടങ്ങാനായില്ലെങ്കില്‍ 50 ഓവര്‍ മല്‍സരമായി നാളെ നടത്തും. എന്നാല്‍ നാളെയും കളി ഉപേക്ഷിക്കുകയോ സമനിലയാകുകയോ ചെയ്താല്‍ ന്യൂസിലാന്‍ഡ് വിജയിച്ചതായി പ്രഖ്യാപിക്കും. വീണ്ടും മഴയെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍ കടുത്ത ആശങ്കയിലാണ്, ചരിത്രം ആവര്‍ത്തിക്കുമോ എന്ന ഭയപ്പാടിലും…