ഓക്‌ലന്‍ഡ്: ഓസ്‌ട്രേലിയയെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് വിജയം സ്വന്തമാക്കി. ഓസ്‌ട്രേലിയയുടെ 151 റണ്‍സിന്റെ കുറിയ ലക്ഷ്യം ന്യൂസിലന്‍ഡ് 23.1 ഓവറില്‍ മറികടന്നത്. കങ്കാരുക്കളുടെ തീപ്പന്തുകളെ പേടിയില്ലാതെ നേരിട്ട കെയിന്‍ വില്യംസണ്‍ പുറത്താകാതെ നേടിയ 45 റണ്‍സാണ് കിവികള്‍ക്ക് ജയം സമ്മാനിച്ചത്.
ട്രെന്റ് ബോള്‍ട്ടിന്റെ പേസിനുമുന്നില്‍ ചുരുണ്ടുകൂടിയ ഓസീസ് അതേ നാണയത്തിലാണ് തിരിച്ചടിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്ക് ആറു വിക്കറ്റുമായി തിരിച്ചടിക്ക് നേതൃത്വം നല്‍കിയപ്പോള്‍ ഓസീസ് വിജയം മണത്തതാണ്. എന്നാല്‍ വില്യംസണ്‍ ഓസീസിന്റെ പ്രതീക്ഷകളെ തകിടം മറിച്ചു.
അനായാസ ജയം നേടാമെന്നുറച്ച കിവീസിനെ വിറപ്പിച്ചാണ് ഓസീസ് കീഴടങ്ങിയത്. 15 റണ്‍സ് എടുക്കുന്നതിനിടയില്‍ 4 വിക്കറ്റ് നഷ്ടമായ ന്യൂസിലന്‍ഡിനെ പുറത്താകാതെ 45 റണ്‍സ് നേടിയ കെയിന്‍ വില്യംസാണ് വിജയത്തിലെത്തിച്ചത്. അര്‍ധ സെഞ്ച്വറി നേടിയ നായകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ പ്രകടനവും കിവീസിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായി. 6 വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസിന് ജയപ്രതീക്ഷ നല്‍കിയെങ്കിലും കെയിം വില്യംസണ്‍ന്റെ അവസരോചിത ബാറ്റിംഗ് ആതിഥേയര്‍ക്ക് തുണയായി.
പരിക്ക് മാറിയെത്തിയ പടനായകനുമായി പോരിനിറങ്ങിയ ഓസീസിന്റെ ബോള്‍ട്ടിളക്കിയത് ട്രെന്റ് ബോള്‍ട്ടായിരുന്നു. ബാറ്റിംഗ് നിര ചീട്ടുകൊട്ടാരമായി തകര്‍ന്നപ്പോള്‍ ഓസീസ് 32.2 ഓവറില്‍ 151 റണ്‍സിനു പുറത്തായി. ട്രെന്റ് ബോള്‍ട്ട് അഞ്ച് വിക്കറ്റും ടീം സൗത്തിയും ഡാനിയേല്‍ വെട്ടോറിയും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. അവസാന വിക്കറ്റില്‍ ബ്രാഡ് ഹാഡിനും (43) പാറ്റ് കമ്മിന്‍സും (7) നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് കങ്കാരുക്കളെ കടുത്ത നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും ക്രീസില്‍ ഒത്തു ചേരുമ്പോള്‍ സ്‌കോര്‍ കാര്‍ഡില്‍ 106 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്.
80/1 എന്ന നിലയില്‍ നിന്നാണ് ഓസീസിനെ ബോള്‍ട്ട് നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടത്. അടുത്ത 26 റണ്‍സ് എടുക്കുന്നതിനിടെ ഓസീസിന്റെ ഏഴു വിക്കറ്റുകള്‍ നിലംപൊത്തി. പൊരുതിനിന്ന ഹാഡിനെ കോറി ആന്‍ഡേഴ്‌സണ്‍ പുറത്താക്കിയതോടെ ഓസീസ് ഇന്നിംഗ്‌സിന് തിരശീലവീണു.
ഓസീസ് ബാറ്റിംഗ് നിരയുടെ നടുവൊടിച്ച ട്രെന്റ് ബോള്‍ട്ടാണ് കളിയിലെ കേമന്‍.