ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന് ആദ്യ ജയം

ഡുനെഡിന്‍: സ്‌കോട്ട്‌ലന്‍ഡിനെ ഒരു വിക്കറ്റിന് തോല്‍പ്പിച്ച് അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ജയം സ്വന്തമാക്കി. മൂന്നു പന്തുകള്‍ ശേഷിക്കെയായിരുന്നു അഫ്ഗാന്റെ ജയം.

മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്ത സ്‌കോട്ട്‌ലന്‍ഡ് നിശ്ചിത 50 ഓവറില്‍ 210 ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്‍ 96 റണ്‍സ് നേടിയ സമിയുള്ള ഷെന്‍വാരിയുടെ ബാറ്റിംഗ് മികവിലാണ് ജയം കരസ്ഥമാക്കിയത്. 147 പന്തുകളില്‍ നിന്നാണ് ഷെന്‍വാരി 96 റണ്‍സെടുത്തത്. 51 റണ്‍സെടുത്ത ജാവേദ് അഹമ്മദി ഒഴിച്ച് മാറ്റാര്‍ക്കും അഫ്ഗാന്‍ നിരയില്‍ മികച്ച ബാറ്റിംഗ് കാഴ്ചവക്കാന്‍ സാധിച്ചില്ല.

ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ടലന്റിനെ നാലു വിക്കറ്റ് വീഴ്ത്തിയ ഷപൂര്‍ സഡ്രാനും മൂന്ന് വിക്കറ്റു വീഴ്ത്തിയ ദൗലത് സഡ്രാനുമാണു താരതമ്യേന കുറഞ്ഞ സ്‌കോറില്‍ പുറത്താക്കിയത്. ഒമ്പതാം വിക്കറ്റില്‍ വാലറ്റക്കാരായ മജീദ് ഹഖ്(31), ഇവാന്‍സ്(28) എന്നിവര്‍ നടത്തിയ പോരാട്ടമാണു സ്‌കോട്ടിഷ് സ്‌കോര്‍ 200 റണ്‍സിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് 62 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മാറ്റ് മച്ചാന്‍(31), റിച്ചാര്‍ഡ് ബാരിംഗ്ടണ്‍(25), കെയ്ല്‍ കോട്‌സര്‍(25), നായകന്‍ പ്രസ്റ്റണ്‍ മോംസണ്‍(23) എന്നിവര്‍ മികച്ച സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കാതെ അഫ്ഗാന്‍ ബൗളിംഗിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു.

Top