മുംബൈ: ലോകകപ്പ് ക്രിക്കറ്റിനുള്ള 15 അംഗ ടീമിനെ ബിസിസിഐ സെലക്ഷന് കമ്മിറ്റി പ്രഖ്യാപിച്ചു. എം.എസ്.ധോണി ക്യാപ്റ്റനായ ടീമില്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയും സ്പിന്നര്‍ അക്ഷര്‍ പട്ടേലും സ്ഥാനം നേടി. പരിക്കിന്റെ പിടിയിലാണെങ്കിലും രവീന്ദ്ര ജഡേജയും 15 അംഗ ടീമില്‍ സ്ഥാനം പിടിച്ചു. ജഡേജയുടെ സ്ഥാനത്ത് യുവരാജ് സിംഗ് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാധ്യത ടീമില്‍ ഉള്‍പ്പെട്ടിരുന്ന മലയാളി താരം സഞ്ജു വി.സാംസണ് പ്രതീക്ഷിച്ചപോലെ തന്നെ ടീമില്‍ സ്ഥാനം ലഭിച്ചില്ല.
ഇന്ത്യന്‍ ടീം: എം.എസ്.ധോണി (ക്യാപ്റ്റന്‍), വിരാട് കോഹ്ലി (വൈസ് ക്യാപ്റ്റന്‍) ശിഖര്‍ ധവാന്, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, സുരേഷ് റെയ്ന, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, ആര്.അശ്വിന്, അക്ഷര്‍ പട്ടേല്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, സ്റ്റുവര്‍ട്ട് ബിന്നി.
ലോകകപ്പിന് മുന്‍പ് ഓസ്ട്രേലിയയില്‍ ഇംഗ്ലണ്ട് കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമില്‍ മോഹിത് ശര്‍മയും ഫാസ്റ്റ് ബൗളര്‍ ധവാല്‍ കുല്‍ക്കര്‍ണിയും സ്ഥാനം നേടിയിട്ടുണ്ട്.
ഫെബ്രുവരി 14-നാണ് ഓസ്ട്രേലിയയും ന്യൂസിലന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് തുടക്കമാകുന്നത്. ആദ്യ ദിനം ക്രൈസ്റ്റ്ചര്‍ച്ചില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയെ നേരിടുമ്പോള്‍ മെല്‍ബണില്‍ ഓസ്ട്രേലിയ-ഇംഗ്ലണ്ട് മത്സരം നടക്കും. 15ന് പാക്കിസ്ഥാനെതിരേയാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ആദ്യ മത്സരം. അഡ്ലെയ്ഡിലാണ് ഇന്ത്യ-പാക്ക് പോരാട്ടം നടക്കുക.