ലോകകപ്പ് പാതിവഴിയില്‍; പ്രതീക്ഷയുണര്‍ത്തി ടീം ഇന്ത്യ

മെല്‍ബണ്‍: ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇടവേളയായിരുന്നു ഇന്നലെ. ഇതുവരെ 23 മത്സരങ്ങളാണ് നടന്നത്. അപ്രതീക്ഷിതമായ സംഭവങ്ങള്‍ ഏറെയൊന്നും അരങ്ങേറിയില്ല. പ്രതീക്ഷിച്ച ടീമുകള്‍ തന്നെയാണ് മികച്ച കളി പുറത്തെടുത്തതും. പാക്കിസ്ഥാന്റെയും ഇംഗ്ലണ്ടിന്റെയും പരുങ്ങലുകളും അയര്‍ലണ്ടിനെതിരായ വെസ്റ്റിന്‍ഡീസിന്റെ തോല്‍വിയും ഒഴിച്ചാല്‍ ആരാധകര്‍ പ്രതീക്ഷിച്ച പോലെ തന്നെ കാര്യങ്ങള്‍ നടന്നു.

ഗെയ്‌ലിന്റെയും ഡിവില്ലിയേഴ്‌സിന്‍രെയും തട്ടുപൊളിപ്പന്‍ ഇന്നിങ്‌സുകളും കുമാര്‍ സംഗക്കാരയുടെയും ശിഖര്‍ ധവാന്റെയും ക്ലാസ് ഇന്നിങ്‌സുകളും ബാറ്റ്‌സ്മാന്‍മാര്‍ മാത്രം തിളങ്ങിയ ഗ്രൗണ്ടില്‍ തങ്ങള്‍ക്കും ചിലതൊക്കെ ചെയ്യാനുണ്ടെന്ന് തെളിയിച്ച് സ്റ്റാര്‍ക്ക്, ബൗള്‍ട്ട് , സൗത്തി, അശ്വിന്‍, വഹബ് റിയാസ് എന്നിവരുടെ ബൗളിങ് പ്രകടനവുമെല്ലാം ടൂര്‍ണമെന്റിനെ ഓര്‍മയില്‍ നിര്‍ത്തുന്നതാക്കി. ടൂര്‍ണമെന്റിലെ ടീം ഏതെന്നു ചോദിച്ചാല്‍ അതിനിപ്പോള്‍ ഒരേയൊരു ഉത്തരം മാത്രമാണുള്ളത്, നമ്മുടെ സ്വന്തം ഇന്ത്യ തന്നെ.

ടൂര്‍ണമെന്റിന് മുമ്പ് കളി മറന്നവരെപ്പോലെ കളിച്ചിരുന്ന ഇന്ത്യന്‍ ടീം അടിമുടി മാറി. പാക്കിസ്ഥാനതിരായ ആദ്യ മത്സരം മുതല്‍ കളിച്ച മൂന്ന് മത്സരങ്ങളിലും എതിരാളികളെ തകര്‍ത്തെറിഞ്ഞാണ് ഇന്ത്യന്‍ ടീം പൂള്‍ ബിയില്‍ മുന്നിലെത്തിയിരിക്കുന്നത്. ഗ്രൂപ്പില്‍ ഏറെ ശക്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ജയമാണ് ഇന്ത്യയെ ക്രിക്കറ്റ് നിരൂപകരുടെ കണ്ണിലും പ്രധാന ശക്തിയാക്കി മാറ്റുന്നത്. ബൗളിങ്ങിലും ബാറ്റിങ്ങിലും ഏറെ സന്തുലിതമായ പ്രകടനമാണ്. ഫീല്‍ഡിങ്ങിലും ടീം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ രണ്ട് പ്രധാന വിക്കറ്റുകള്‍ റണ്‍ഔട്ടിലൂടെയായിരുന്നെന്നത് ഇന്ത്യന്‍ ടീമിന് അഭിമാനിക്കാവുന്ന നേട്ടവുമാണ്.

നിലവിലെ ഫോം ടൂര്‍ണമെന്റിലുടനീളം നിര്‍ത്താന്‍ സാധിച്ചാല്‍ ഇന്ത്യയ്ക്ക് കപ്പ് തിരികെ കൊടുക്കേണ്ടി വരില്ല. പ്രത്യേകിച്ച് വിരാട് കോഹ്ലിയും ശിഖര്‍ ധവാനും ഇതേ ഫോം തുടരേണ്ടി വരുകയാണെങ്കില്‍. ഗ്രൂപ്പിലെ മറ്റൊരു ടീമായ ദക്ഷിണാഫ്രിക്കയും സാധ്യതാ പട്ടികയില്‍ മുന്നില്‍ തന്നെയാണ്.

Top