ലോകകപ്പ്: ബംഗ്ലാദേശിനെ 109 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍

മെല്‍ബണ്‍: ലോകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ എതിരാളികളായിരുന്ന ബംഗ്ലാദേശിനെ 109 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ സെമിയിലെത്തിയത്. രോഹിത് ശര്‍മ്മയുടെ സെഞ്ചുറി പ്രകടനവും ബൗളര്‍മാരുടെ മികവും ഒത്തുചേര്‍ന്നപ്പോള്‍ ടീം ഇന്ത്യ ലോകകപ്പിന്റെ സെമിയില്‍ പ്രവേശിച്ചു.

ഇന്ത്യ ഉയര്‍ത്തിയ 303 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ബംഗ്ലാദേശ് 45 ഓവറില്‍ 193 റണ്‍സിന് പുറത്താകുകയായിരുന്നു. ബംഗ്ലാദേശ് ബാറ്റിംഗ് നിരയില്‍ ആര്‍ക്കും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല. നാല് വിക്കറ്റെടുത്ത ഉമേഷ് യാദവാണ് ബൗളിംഗില്‍ തിളങ്ങിയത്. മൊഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു. നേരത്തെ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ച രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ മാച്ച്.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. 2007 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച തമീം ഇക്ബാല്‍(25) നന്നായി തുടങ്ങിയെങ്കിലും നീണ്ട ഇന്നിംഗ്‌സ് കളിക്കാനായില്ല. പിന്നീട് സൗമ്യ സര്‍ക്കാര്‍(29), കഴിഞ്ഞ കളികളിലെ സെഞ്ച്വറി വീരന്‍ മഹമ്മദുള്ള(21)എന്നിവരും നീണ്ട ഇന്നിംഗ്‌സ് കളിക്കാനാകാതെ പുറത്തായി. വാലറ്റത്ത് നസിര്‍ ഹൊസെയ്ന്‍(35), സബ്ബിര്‍ റഹ്മാന്‍(പുറത്താകാതെ 30) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് ബംഗ്ലാദേശിന്റെ പരാജയഭാരം കുറച്ചത്.

നേരത്തെ ടോസ് നേടി ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ ആറിന് 302 റണ്‍സെടുത്തു. രോഹിത് ശര്‍മ്മ(137), സുരേഷ് റെയ്‌ന(65) എന്നിവരുടെ മികച്ച ഇന്നിംഗ്‌സുകളുടെ സഹായത്തോടെയാണ് ഇന്ത്യ 302 റണ്‍സ് നേടിയത്. ഒരവസരത്തില്‍ 28 ഓവറില്‍ മൂന്നിന് 115 എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ രോഹിതിനൊപ്പം റെയ്‌ന വന്നതോടെ സ്‌കോര്‍ ഉയര്‍ന്നു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 95 പന്തില്‍ 122 റണ്‍സാണ് നേടിയത്.

മല്‍സരത്തിന്റെ തുടക്കം മുതല്‍ കൃത്യതയോടെ പന്തെറിഞ്ഞ ബംഗ്ലാദേശ് ബൗളര്‍മാര്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ബംഗ്ലാ ബൗളര്‍മാര്‍ക്ക് മുന്നില്‍ ശിഖര്‍ ധവാന്‍(30), വിരാട് കൊഹ്‌ലി(മൂന്ന്), അജിന്‍ക്യ രഹാനെ(19) എന്നിവര്‍ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനുമായില്ല.

ബംഗ്ലാദേശിന് വേണ്ടി തസ്‌കിന്‍ അഹമ്മദ് മൂന്നു വിക്കറ്റ് നേടി. മഷ്‌റഫെ മോര്‍ത്താസ, ഷാകിബ് അല്‍ ഹസന്‍, റുബല്‍ ഹുസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. തുടക്കത്തില്‍ റുബല്‍ ഹുസൈനെ നേരിടാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ശരിക്കും വിഷമിച്ചെങ്കിലും അവസാന ഓവറുകളില്‍ അനായാസം റണ്‍സ് നേടി.

Top