നെല്‍സണ്‍: ലോകകപ്പില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ ബംഗ്ലാദേശിന് ജയം. സ്‌കോട്ട്‌ലന്‍ഡിനെ ആറ് വിക്കറ്റിനാണ് ബംഗ്ലാദേശ് തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലന്‍ഡ് നേടിയ 318 റണ്‍സ് 48.1 ഓവറില്‍ 11 പന്ത് ബാക്കിയിരിക്കെ ബംഗ്ലാ കടുവകള്‍ മറികടക്കുകയായിരുന്നു. ആദ്യമായാണ് 250 റണ്‍സിന് മുകളിലുള്ള സ്‌കോര്‍ ബംഗ്ലാദേശ് പിന്തുടര്‍ന്ന് ജയിക്കുന്നത്. ജയത്തോടെ ബംഗ്ലാദേശിന്റെ പോയിന്റ് സമ്പാദ്യം അഞ്ചായി.
100 പന്തില്‍ 95 റണ്‍സെടുത്ത തമീം ഇഖ്ബാലാണ് ബംഗ്ലാ നിരയിലെ ടോപ്‌സ്‌കോറര്‍. ഒരു സിക്‌സറും ഒമ്പത് ഫോറുമടങ്ങുന്നതാണ് തമീമിന്റെ ഇന്നിങ്‌സ്. തമീമിനൊപ്പം ഇന്നിങ്‌സ് ഓപണ്‍ ചെയ്ത സൗമ്യ സര്‍ക്കാര്‍ രണ്ട് റണ്‍സെടുത്തു പുറത്തായി. മഹ്മൂദുല്ല 62 റണ്‍സും മുഷ്ഫിഖുറഹ്മാന്‍ 60ഉം റണ്‍സെടുത്തു. 52 റണ്‍സെടുത്ത ഷാകിബുല്‍ ഹസനും 42 റണ്‍സെടുത്ത ശബിര്‍ റഹ്മാനും പുറത്താകാതെ നിന്നു. സ്‌കോട് ലന്‍ഡിനുവേണ്ടി ഡേവി രണ്ടു വിക്കറ്റും വാര്‍ഡ് ലോ, ഇവാന്‍സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലന്‍ഡ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 318 റണ്‍സ് എടുത്തത്. സ്‌കോട്ട്‌ലന്‍ഡിനുവേണ്ടി ഓപണര്‍ കെ.ജെ കോട് സര്‍ 134 പന്തില്‍ 156 റണ്‍സെടുത്തു. മോമന്‍സെന്‍ 39ഉം മാത്യു മകാന്‍ 35ഉം റണ്‍സ് നേടി. ബംഗ്‌ളാദേശിനുവേണ്ടി തസ്‌കിന്‍ അഹ്മദ് മൂന്ന് വിക്കറ്റ് നേടി. നാസിര്‍ ഹുസൈന്‍ രണ്ടും ശബിര്‍ റഹ്മാന്‍, ഷാകിബുല്‍ ഹസന്‍, മഷ്‌റഫെ മുര്‍തസ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ടോസ് നേടിയ ബംഗ്‌ളാദേശ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ജയത്തോടെ നാല് കളിയില്‍ നിന്ന് അഞ്ച് പോയിന്റുമായി ബംഗ്ലാദേശ് ക്വാര്‍ട്ടര്‍ പ്രതീക്ഷ കൂടുതല്‍ സജീവമാക്കിയിട്ടുണ്ട്.