ലോകകപ്പ്: സ്‌കോട്‌ലന്‍ഡിനെ തകര്‍ത്ത് ശ്രീലങ്ക ക്വാര്‍ട്ടറില്‍

ഹൊബാര്‍ട്ട്: ലോകകപ്പില്‍ സ്‌കോട്‌ലന്‍ഡിനെ 148 റണ്‍സിന് തകര്‍ത്ത് ശ്രീലങ്ക ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. കളിച്ച ആറില്‍ നാല് മത്സരവും ജയിച്ച് എട്ട് പോയിന്റുമായിട്ടാണ് ശ്രീലങ്ക ക്വാര്‍ട്ടറില്‍ കടന്നത്. ലങ്കന്‍ പട ഉയര്‍ത്തിയ 364 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സ്‌കോട്ടിഷ് പോരാട്ടം 43.1 ഓവറില്‍ 215 റണ്‍സില്‍ അവസാനിച്ചു.

ഫ്രഡി കോള്‍മാന്‍ (70), പ്രിസ്റ്റണ്‍ മോംസെന്‍ (60) എന്നിവരുടെ അര്‍ധ സെഞ്ചുറികള്‍ മാത്രമാണ് സ്‌കോട്ടിഷ് ഇന്നിംഗ്‌സിലെ പ്രത്യേകത. ഇരുവരും നാലാം വിക്കറ്റില്‍
118 റണ്‍സ് ചേര്‍ത്തെങ്കിലും മുന്‍ ചാമ്പ്യന്മാര്‍ക്കെതിരേ ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ഉണ്ടായിരുന്നില്ല. ലങ്കയ്ക്ക് വേണ്ടി നുവാന്‍ കുലശേഖര, ദുഷ്മന്ത ചമീര എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി. ലസിത് മലിംഗയ്ക്ക് രണ്ടു വിക്കറ്റ് ലഭിച്ചു.

നേരത്തെ കുമാര്‍ സംഗക്കാര, തിലക്‌രത്‌നെ ദില്‍ഷന്‍ എന്നിവരുടെ സെഞ്ചുറികളുടെ മികവിലാണ് ലങ്ക 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സ് അടിച്ചുകൂട്ടിയത്. തുടര്‍ച്ചയായ നാലാം ലോകകപ്പ് സെഞ്ചുറി നേടിയ സംഗക്കാര 95 പന്തില്‍ 124 റണ്‍സ് നേടി. 13 ഫോറും നാലു സിക്‌സും സംഗ പറത്തി. നാലാം ലോകകപ്പ് സെഞ്ചുറി നേടിയ ദില്‍ഷന്‍ 10 ഫോറും ഒരു സിക്‌സും അടക്കം 104 റണ്‍സ് നേടി. ഇരുവരും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ 195 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ് 21 പന്തില്‍ ആറു സിക്‌സും ഒരു ബൗണ്ടറിയും അടക്കം 51 റണ്‍സ് നേടി. ലോകകപ്പിലെ വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ചുറിയാണിത്. കുശാല്‍ പെരേര 24 റണ്‍സ് നേടി. സംഗക്കാരയാണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോട്‌ലന്‍ഡിനു വേണ്ടി ജോഷ് ഡേവി മൂന്നും അലസ്‌ഡെയ്ര്‍ ഇവാന്‍സ്, റിച്ച് ബെറിംഗ്ടണ്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടി.

Top