ന്യൂഡല്‍ഹി: ലോകത്തിലെ ആദ്യ നോട്ട് എഡ്ജ് ഫോണ്‍ ഉടന്‍ ഇന്ത്യയില്‍. സാംസങ് ഗാലക്സി നോട്ട് എഡ്ജാണ് ഇന്ത്യന്‍ വിപണി കീഴടക്കാനെത്തുന്നത്. സൈഡ് ഡിസ്പ്ലേയുള്ള ലോകത്തിലെ ആദ്യഫോണാണ് ഗാലക്സി നോട്ട് എഡ്ജ്.
ജനുവരി ആദ്യവാരം മുതല്‍ തെരഞ്ഞെടുത്ത റീട്ടെയ്ല്‍ ഔട്ട്ലെറ്റുകളില് എഡ്ജ് ലഭ്യമാകും. ചാര്‍ക്കോള്‍ ബ്ലാക്ക്, ഫ്രോസ്റ്റ് വൈറ്റ് എന്നീ നിറങ്ങളിലായിരിക്കും ഫോണ്‍ ലഭ്യമാകുക. സ്ക്രീനിന്റെ വലതു വശത്തെ എഡ്ജിലെ ഡിസ്പ്ലേയാണ് ഏറ്റവും വലിയ പ്രത്യേകത. കൂടുതലായി ഉപയോഗിക്കുന്ന ആപ്പുകളും മറ്റും ഈ ഡിസ്പ്ലേയില്‍ ലഭ്യമാക്കാന്‍ സാധിക്കും. ലോഹചട്ടക്കൂടില്‍ സുരക്ഷിതമാക്കിയതാണ് സ്ട്രിപ് പോലെയുള്ള ഈ ഡിസ്പ്ലേ. ഇടതു വശത്തെ എഡ്ജ് വലതു വശത്തെ അപേക്ഷിച്ച് കൂടുതല്‍ സ്ട്രെയ്റ്റാണ്.
5.6 ഇഞ്ചിന്റെ ക്വാഡ് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് ഗാലക്സി നോട്ട് എഡ്ജിനുള്ളത്. 2.7 ജിഗാ ഹെര്‍ട്സ് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 805 ക്വാഡ് കോര്‍ പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രധാന ക്യാമറ 16 എംപിയും മുന്‍ ക്യാമറ 3.7 എംപിയുമാണ്. റാം മൂന്ന് ജിബി. ഇന്റേണല്‍ സ്റ്റോറേജ് 32 ജിബി. 128 ജിബിയുടെ വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാം.
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് സോഫ്റ്റ് വെയറിലാണ് നോട്ട് എഡ്ജ് പ്രവര്‍ത്തിക്കുന്നത്. എസ് പെന്‍ സ്റ്റൈലസിന്റെ ഉപയോഗം കാര്യക്ഷമമാക്കുന്നതിനുള്ള സോഫ്റ്റ് വെയറുകളും ഉപയോഗിച്ചിട്ടുണ്ട്. ഒന്നിലധികം വിന്‍ഡോകള്‍ ഒരേസമയം ഓപ്പണ്‍ ചെയ്യാന്‍ സാധിക്കും എന്ന സൗകര്യവുമുണ്ട്.
വൈഫൈ, എന്‍എഫ്സി, ബ്ലൂടൂത്ത്, ആന്റ് പ്ലസ്, യുഎസ്ബി, എംഎച്ച്എല്‍, ഐആര്‍ ലെഡ് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷന്‍സും നോട്ട് എഡ്ജ് ലഭ്യമാക്കുന്നു. ബാറ്ററി 3000 എംഎഎച്ചിന്റേതാണ്. 64,900 രൂപ വിലവരുന്ന നോട്ട് എഡ്ജ് ലിമിറ്റഡ് എഡിഷന് കണ്‍സെപ്റ്റിലാണ് പുറത്തിറക്കുന്നത്.