ലോകാരോഗ്യ സംഘടനയുടെ റോഡ് സുരക്ഷാ സൂചികയില്‍ ഇന്ത്യ പിന്നില്‍

മുംബൈ: ലോകാരോഗ്യസംഘടനയുടെ (ഡബ്ലു.എച്ച്.ഒ.) റോഡ് സുരക്ഷാ സൂചികയില്‍ സുരക്ഷകുറഞ്ഞ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും. ഡബ്ല്യു.എച്ച്.ഒ.യുടെ ആഗോള റോഡ് സുരക്ഷാ റിപ്പോര്‍ട്ട് 2015 അനുസരിച്ച് 2,07,551 അപകടങ്ങളാണ് ഇന്ത്യയിലുണ്ടായത്. ലോകത്താകെ 12 കോടിപ്പേര്‍ വര്‍ഷംതോറും റോഡപകടങ്ങളില്‍ മരിക്കുന്നു. വികസ്വരഅവികസിത രാജ്യങ്ങളിലാണ് റോഡപകടങ്ങള്‍ കൂടുതല്‍. ഇത് ആ രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ മൂന്നു ശതമാനം കുറവുണ്ടാക്കുന്നു.

ഇന്ത്യയില്‍ 2007 മുതല്‍ റോഡപകടങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. 2012ല്‍ മാത്രം ഇതിലല്പം വ്യത്യാസമുണ്ടായി. 2014ല്‍ 141,526 പേരാണ് മരിച്ചത്. 2013ലേതിനേക്കാള്‍ മൂന്നുശതമാനം കൂടുതലാണിത്. റോഡപകടങ്ങള്‍ക്കൊപ്പം വാഹനങ്ങള്‍ക്കുമുന്നില്‍ ചാടിയുള്ള ആത്മഹത്യകളും കൂട്ടിയാണ് ഈ കണക്ക്.

ലോകത്താകെയുണ്ടാകുന്ന റോഡപകടങ്ങളില്‍ കൂടുതലും മരിക്കുന്നത് ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്നവരും കാല്‍നടയാത്രക്കാരുമാണ്. ഇന്ത്യയിലെ അപകടങ്ങളില്‍ മരിക്കുന്നവരില്‍ മൂന്നിലൊരാള്‍ സൈക്കിള്‍ യാത്രക്കാരനോ കാല്‍നടയാത്രക്കാരനോ ആണ്. ഇവരുടെ സുരക്ഷയ്ക്ക് നിയമങ്ങളൊന്നും ഇല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Top