രാഷ്ട്രീയത്തിലിറങ്ങും മുന്‍പെ വര്‍ഗ്ഗീയതയുടെ ‘വിഷം ചീറ്റി’ സുരേഷ് ഗോപിയുടെ ‘ആക്ഷന്‍’

തിരുവനന്തപുരം: രാഷ്ട്രീയത്തിലിറങ്ങും മുന്‍പ് തന്നെ ‘വര്‍ഗ്ഗീയ കാര്‍ഡിറക്കി’ സുരേഷ് ഗോപിയുടെ സൂപ്പര്‍ ‘ആക്ഷന്‍’. വിഴിഞ്ഞം ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചിലാണ് സംഘാടകരെ പോലും ഞെട്ടിച്ച് വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി രംഗത്ത് വന്നത്.

വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മത നേതാക്കളും പങ്കെടുത്ത മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ച സൂപ്പര്‍ താരം ഹിന്ദു സമൂഹം മനസുവച്ചാല്‍ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുമെന്ന് പ്രഖ്യാപിച്ചു. ഇതിനായി ഹിന്ദു സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തണമെന്നും താരം ആവശ്യപ്പെട്ടു.

ജനങ്ങളുടെ പദ്ധതിയാകണമെങ്കില്‍ അതിനായി ഹിന്ദു സമൂഹത്തില്‍പ്പെട്ട അംഗങ്ങള്‍ രംഗത്ത് വരണമെന്നും സുരേഷ് ഗോപി അഭ്യര്‍ത്ഥിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കാന്‍ ഹിന്ദു സമൂഹം വിചാരിച്ചാല്‍ മതിയെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ഹിന്ദു വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്ന ആരോപണം ഇതിനകം തന്നെ ഉയര്‍ന്ന് കഴിഞ്ഞു.

ജാതി – മത – രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കേരളീയ സമൂഹത്തില്‍ വര്‍ഗ്ഗീയതയുടെ വിത്ത് പാകാനാണ് സുരേഷ് ഗോപിയുടെ നീക്കമെന്നാണ് ഉയര്‍ന്ന് വരുന്ന ആരോപണം.

വിഴിഞ്ഞം പദ്ധതി നടപ്പാക്കാനായി എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി പരിശ്രമിക്കുമ്പോള്‍ ഏതെങ്കിലും ഒരു സമുദായം മത്രം വിചാരിച്ചാലെ കാര്യങ്ങള്‍ നടക്കൂവെന്ന തരത്തില്‍ സുരേഷ് ഗോപിയെ പോലുള്ള നടന്റെ ഭാഗത്ത് നിന്ന് അഭിപ്രായമുയരുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നാണ് ആക്ഷന്‍ കമ്മിറ്റിയിലെ തന്നെ പ്രബല വിഭാഗത്തിന്റെ അഭിപ്രായം.

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ തിരുവനന്തപുരം എം.പി ശശി തരൂര്‍ രാജിവയ്ക്കുകയാണെങ്കില്‍ തലസ്ഥാനത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് ഈ വിവാദ പരാമര്‍ശം.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ മോഡിയുമായി കൂടിക്കാഴ്ച നടത്തി ഗുഡ്‌ലിസ്റ്റില്‍ ഇടംപിടിച്ച സുരേഷ് ഗോപി മോഡിയെ കടത്തിവെട്ടിയ ഹിന്ദു വികാരമാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രകടിപ്പിച്ചത്.

സുരേഷ് ഗോപിയുടെ അതിരു കടന്ന ‘ആക്ഷന്‍’ സമരത്തില്‍ പങ്കെടുത്ത രാഷ്ട്രീയ – മത നേതാക്കളെ ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുകയാണ്.

Top