സോച്ചി: ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കീരിടം മാഗ്നസ് കാള്‍സണ്‍ നിലനിര്‍ത്തി. 11-ാം ഗെയിമില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ പരാജയപ്പെടുത്തിയാണ് കാള്‍സണ്‍ തുടര്‍ച്ചയായ രണ്ടാം തവണയും ലോക ചാമ്പ്യനായത്. വിജയിക്കാനാവശ്യമായ 6.5 പോയിന്റ് നേടിയതോടെയാണ് കാള്‍സണ്‍ കിരീടം ഉറപ്പിച്ചത്. ആനന്ദിനു നാലര പോയിന്റാണ് ലഭിച്ചത്.
മത്സരത്തില്‍ വെളുത്ത കരുക്കളുമായി കളിച്ച കാള്‍സണ്‍ 45 നീക്കങ്ങള്‍ക്കൊടുവിലാണ് ആനന്ദിനെ പരാജയപ്പെടുത്തിയത്. ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഗെയിം ശേഷിക്കെ വിജയിക്കാനാവശ്യമായ പോയിന്റ് കാള്‍സണ്‍ സ്വന്തമാക്കുകയായിരുന്നു. ചാമ്പ്യന്‍ഷിപ്പിലെ 12-ാം ഗെയിം ചൊവ്വാഴ്ചയാണ്.