ജക്കാര്‍ത്ത: ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളുടെ പടയോട്ടം. രണ്ടുതവണ വെങ്കലം നേടിയ പി.വി. സിന്ധു മുന്‍ ലോക ഒന്നാം നമ്പര്‍ താരവും ഒളിംപിക് ചാംപ്യനുമായ ലി ഷുറോയിയെ മൂന്നു സെറ്റ് നീണ്ട കഠിന പോരാട്ടത്തില്‍ അട്ടിമറിച്ചപ്പോള്‍ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേത്രി സൈന നെഹ്‌വാളും വിജയം കണ്ടു. രണ്ടുപേരും ക്വാര്‍ട്ടറിലേക്കാണു മുന്നേറിയത്. സെമിയില്‍ കടന്നാല്‍ മെഡല്‍ ഉറപ്പിക്കാം. ഡബിള്‍സില്‍ ജ്വാല ഗുട്ട- അശ്വിനി പൊന്നപ്പ സഖ്യവും ക്വാര്‍ട്ടറിലെത്തി.
ഷുറോയിക്കെതിരായ പോരാട്ടത്തില്‍ 21-17, 14-21, 21-17ന് ആയിരുന്നു വിജയം. മല്‍സരം 50 മിനിറ്റ് നീണ്ടു. ജപ്പാന്റെ 14-ാം സീഡ് സായക ടകഹാഷിക്കെതിരെ 21-18, 21-14നു സൈന ജയിച്ചു. സിന്ധു ക്വാര്‍ട്ടറില്‍ എട്ടാം സീഡ് കൊറിയയുടെ സങ് ജി ഹ്യുണിനെ നേരിടും. വാങ് യിഹാന്‍ – ബേ യോണ്‍ ജു പോരാട്ടത്തിലെ വിജയികളാവും സൈനയുടെ എതിരാളി.
ജ്വാല ഗുട്ട- അശ്വിനി പൊന്നപ്പ സഖ്യം ആവേശം നിറഞ്ഞ മൂന്നു സെറ്റ് പോരാട്ടം കടന്നാണു ക്വാര്‍ട്ടറിലെത്തിയത്. ജപ്പാന്റെ എട്ടാം സീഡ് റെയ്ക കാക്കിവ- മിയുകി മയേദ സഖ്യത്തെ ഇന്ത്യന്‍ സഖ്യം 21-15, 18-21, 21-19 എന്ന സ്‌കോറിനു തോല്‍പ്പിച്ചു. 13-ാം സീഡാണ് ജ്വാല-അശ്വിനി സഖ്യം.