ലോക ഹോക്കി: ഇന്ത്യാ – പാക് മത്സരം സമനിലയില്‍

ബെല്‍ജിയം: ലോക ഹോക്കി സെമിഫൈനല്‍ ലീഗില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ആവേശകരമായ സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ച് (2-2) സമനിലയില്‍ പിരിയുകയായിരുന്നു. ടൂര്‍ണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യയുടെ ആദ്യ സമനിലയാണിത്. അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യയ്ക്ക് ഇപ്പോള്‍ ഏഴു പോയന്റുണ്ട്.

ഇന്ത്യയുടെ രണ്ടു ഗോളുകളും രമണ്‍ദീപ് സിങ്ങിന്റെ വകയായിരുന്നു. പാകിസ്ഥാനു വേണ്ടി ക്യാപ്റ്റന്‍ മുഹമ്മദ് ഇമ്രാനാണ് രണ്ടു ഗോളും നേടിയത്. കളിയുടെ അവസാന ഘട്ടത്തില്‍ ഇന്ത്യ ശക്തമായി സമ്മര്‍ദം ചെലുത്തിയെങ്കിലും പാകിസ്ഥാന്‍ പിടിച്ചുനിന്നു.

12ാം മിനിറ്റില്‍ രമണ്‍ദീപിലൂടെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍, രണ്ടാം പാദത്തില്‍ പാകിസ്ഥാന്‍ പെനാല്‍ട്ടി കോര്‍ണറിലൂടെ ഗോള്‍ മടക്കി. പാകിസ്ഥാന് കിട്ടിയ ആദ്യ പെനാല്‍ട്ടി കോര്‍ണറാണ് 23ാം മിനിറ്റില്‍ മുഹമ്മദ് ഇമ്രാന്‍ ഗോളാക്കിയത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരുടീമുകളും 1-1ന് തുല്യത പാലിച്ചു.

മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ മുഹമ്മദ് ഇമ്രാന്‍ വീണ്ടും ഗോളടിച്ച് പാകിസ്താന് ലീഡു സമ്മാനിച്ചു. 35ാം മിനിറ്റില്‍ വീണ ഈ ഗോളിന് നാലു മിനിറ്റിനകം രമണ്‍ദീപിലൂടെ മറുപടി നല്കി ഇന്ത്യ ഒപ്പമെത്തി. നാലാം ക്വാര്‍ട്ടറില്‍ വിജയ ഗോളിനായി ഇരു ടീമുകളും വീറോടെ പൊരുതിയെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞു. അവസാന ഘട്ടത്തില്‍ പാകിസ്ഥാന്‍ ഗോളി ഇമ്രാന്‍ ബട്ടിന്റെ രണ്ട് ഉജ്ജ്വല സേവുകളാണ് പാകിസ്ഥാനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.

Top