ലോക ഹോക്കി: ചിരവൈരികളായ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍

ആന്റ്വാര്‍പ്പ്: ലോക ഹോക്കി സെമിഫൈനല്‍ ലീഗില്‍ ആരാധാകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിരവൈരികളുടെ പോരാട്ടം. പൂള്‍ എയിലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടും.

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ മികച്ച ഫോമിലാണെങ്കില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലെ വന്‍തോല്‍വിക്ക് ശേഷമാണ് പാക് ടീം കളിക്കാനിറങ്ങുന്നത്.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചപ്പോള്‍ ചാമ്പ്യന്‍സ് ലീഗില്‍ പാക് ടീം തിരിച്ചടിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇരുടീമുകള്‍ക്കും അഭിമാനപോരാട്ടം കൂടിയാണ്.

പുതിയ പരിശീലകന്‍ പോള്‍ വാന്‍ അസിന് കീഴില്‍ മികച്ച പ്രതിരോധതന്ത്രങ്ങളും വേഗമേറിയ പ്രത്യാക്രമണവുമാണ് ഇന്ത്യ മുന്‍ കളികളില്‍ നടപ്പാക്കിയത്. രണ്ട് ഗോളുകള്‍ വീതം നേടിയ നായകന്‍ സര്‍ദാര്‍ സിങ്, ദേവീന്ദര്‍ വാല്‍മീകി എന്നിവര്‍ മികച്ച ഫോമിലാണ്.

മലയാളി ഗോള്‍കീപ്പര്‍ ശ്രീജേഷ് രണ്ട് കളികളിലും മികച്ച സേവുകളുമായി ടീമിനെ രക്ഷപ്പെടുത്തി. പെനാല്‍റ്റി കോര്‍ണര്‍ വിദഗ്ധന്‍ രൂപീന്ദര്‍പാല്‍സിങ് പരിക്ക് മൂലം കളിക്കാനില്ലാത്തതാണ് ഇന്ത്യന്‍ ടീമിനെ അലട്ടുന്ന ഘടകം.

മുന്നേറ്റത്തില്‍ വാല്‍മീകി സഹോദരങ്ങളായ യുവരാജും ദേവീന്ദറും ആകാഷ് ദീപ് സിങ്ങും നന്നായി കളിക്കുന്നുണ്ട്. മന്‍പ്രീത് സിങ്, ലളിത് ഉപാധ്യായ, ബീരേന്ദ്ര ലാക്ര, ചിന്‍ലെന്‍സന സിങ്, നികിന്‍ തിമ്മയ്യ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.

പോളണ്ടിനെ തോല്‍പ്പിച്ച പാക് ടീം ഓസ്‌ട്രേലിയക്കെതിരെ 6-1 നാണ് തകര്‍ന്നത്. രണ്ട് കളിയിലും ഗോള്‍ നേടിയ ഇര്‍ഫാന്‍ മുഹമ്മദിന്റെ പ്രകടനമാണ് ടീമിന് പ്രതീക്ഷ നല്‍കുന്ന ഘടകം.

നായകന്‍ ഇമ്രാന്‍ മുഹമ്മദ്, ഷക്കീല്‍ ബട്ട്, ഉമര്‍ ബൂട്ട, എന്നിവര്‍ ഫോമിലായാല്‍ ടീമിന് ജയിക്കാന്‍ ബുദ്ധിമുട്ടേണ്ടിവരില്ലെന്നാണ് പരിശീലകന്‍ ഷഹ്നാസ് ഷെയ്ഖിന്റെ പ്രതീക്ഷ.

Top