കൊച്ചി: ലോറി ക്ലീനര്‍മാരുടെ നിയമനത്തെചൊല്ലി അമ്പലമേട്ടിലെ ബിപിസിഎല്‍ ബോട്ട്‌ലിംഗ് പ്ലാന്റിലെ ലോറി ഡ്രൈവര്‍മാര്‍ ആരംഭിച്ച പണിമുടക്ക് അഞ്ചാം ദിവസത്തിലേക്ക് കടക്കുന്നു. പണിമുടക്കിനെത്തുടര്‍ന്ന് വെള്ളിയാഴ്ചയും പ്ലാന്റില്‍ നിന്നുള്ള പാചകവാതക വിതരണം തടസപ്പെട്ടു. എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഭാരത് ഗ്യാസിന്റെ പാചകവാതക വിതരണമാണു നിലച്ചത്. സമരം തുടര്‍ന്നാല്‍ പാചകവാതക ക്ഷാമത്തിനിടയാക്കും. ഡീലര്‍മാരുടെ കൈവശമുള്ള ഗ്യാസിന്റെ ശേഖരം ഒരുദിവസത്തേക്കുകൂടി മാത്രമേയുള്ളൂ. അതിനാല്‍, സമരം നാളെക്കൂടി നീണ്ടുനിന്നാല്‍ വന്‍ പ്രതിസന്ധിയാകും. ദിവസവും 90 ലോറികളിലാണ് ഇവിടെനിന്നു ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിപ്പോകുന്നത്.
ലോറികളില്‍ സ്ഥിരമായി ക്ലീനര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ടാണു സമരം. പലതവണ ഇക്കാര്യം ഉന്നയിച്ച് ഡ്രൈവര്‍മാര്‍ സമരം നടത്തിയിരുന്നു. ലോറി ഉടമകള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിനാല്‍ മൂന്നാംവട്ടം വിളിച്ചുചേര്‍ത്ത ചര്‍ച്ചയും പരാജയമായിരുന്നു. ഇതേതുടര്‍ന്നാണ് അനിശ്ചിതകാല സമരം നടത്താന്‍ ഡ്രൈവര്‍മാര്‍ തീരുമാനിച്ചത്. സിലിണ്ടര്‍ ലോറികള്‍ നിരന്തരം അപകടത്തില്‍പ്പെടുന്ന സാഹചര്യത്തില്‍ ക്ലീനര്‍മാരെ നിയമിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചിരുന്നു.