തിരുവനന്തപുരം: വധശ്രമക്കേസ് പിന്‍വലിക്കരുതെന്നാവശ്യപ്പെട്ട് സി.പി നായര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്.
കേസ് പിന്‍വലിക്കുന്നത് പൊതു താല്‍പര്യം പരിഗണിച്ചാണെന്ന് കരുതാനാകില്ല. കേസ് പിന്‍വലിക്കുന്നത് തനിക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും കത്തില്‍ പറയുന്നു. മാനസികവും ശാരീരികമായും വളരെയേറെ ബുദ്ധിമുട്ടുകള്‍ ഇതിനകം അനുഭവിച്ചു. ഉടനെ വിധി പറയാനിരിക്കുന്ന കേസ് പിന്‍വലിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍തിരിയണമെന്നും സി.പി നായര്‍ കത്തില്‍ ആവശ്യപ്പെടുന്നു. മെയ് 26-ന് സി.പി നായര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്താണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
പത്തനംതിട്ട സെഷന്‍സ് കോടതിയിലെ വിചാരണ അന്തിമ ഘട്ടത്തിലത്തെിയപ്പോഴാണ് മുന്‍ ചീഫ് സെക്രട്ടറി സി.പി. നായരെ വധിക്കാന്‍ ശ്രമിച്ച കേസ് പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2002 മാര്‍ച്ച് 14നാണ് മലയാലപ്പുഴ അമ്പലത്തില്‍ വെച്ച്, അന്ന് ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്ന സി.പി. നായരെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട അക്രമികള്‍ വധിക്കാന്‍ ശ്രമിച്ചത്. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് മന്ദഗതിയിലായതോടെ സി.പി. നായര്‍ സര്‍ക്കാറിനെ സമീപിച്ചു. ഇതിനെത്തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
അതേസമയം കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും,ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ എന്നിവരടക്കമുള്ള നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.