തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്നും തടയുന്നതിനിടെയുള്ള പ്രക്ഷോഭത്തില്‍ പ്രതിപക്ഷ എം.എല്‍.എമാരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് തൊട്ട് വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. തലസ്ഥാനത്തെ പ്രതിഷേധം ഹര്‍ത്താല്‍ വഴി സംസ്ഥാന വ്യാപകമാക്കാനുള്ള നീക്കത്തിലാണ് ഇടതുപക്ഷം.
സ്പീക്കറെ സഭയിലെ ഇരിപ്പിടത്തിലെത്താനാവാതെ തടഞ്ഞതും, മന്ത്രി മാണിയെ സ്വന്തം സീറ്റില്‍ എത്താനാവാതെ പ്രതിരോധിച്ചതും വിജയമാണെന്ന വിലയിരുത്തലിലാണ് ഇടതുപക്ഷം. സഭക്കുള്ളിലെ പ്രതിഷേധത്തിനിടെ ,സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും കേന്ദ്ര കമ്മിറ്റി അംഗം തോമസ്ഐസക്കും അടക്കം 20 ഇടതുപക്ഷ എം.എല്‍.എമാര്‍ക്കാണ് പരിക്കേറ്റത്. കെ.കെ ലതിക, ജമീല പ്രകാശം, ആയിഷ പോറ്റി, ഗീത, ഗോപി അടക്കമുള്ള എം.എല്‍.എമാരെ കോണ്‍ഗ്രസ് എം.എല്‍.എമാരായ ശിവദാസന്‍ നായര്‍, ഡൊമനിക് പ്രസന്റേഷന്, എം.എ വാഹിദ് എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ആരോപിച്ചിട്ടുണ്ട്.
ഇടതുപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് തലസ്ഥാന നഗരിയില്‍ തെരുവുയുദ്ധ സമാന രംഗങ്ങളാണ് അരങ്ങേറിയത്. പലയിടത്തും പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി. പോലീസ് വാഹനവും കെ.എസ് ആര്.ടി.സി ബസും അഗ്നിക്കിരയാക്കിയിട്ടുണ്ട്.