ബിലാസ്പുര്‍: ബിലാസ്പൂരില്‍ 14 സ്ത്രീകള്‍ മരിക്കാനിടയായ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ അറസ്റ്റിലായി. ഡോ.ആര്‍.കെ ഗുപ്തയാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകുന്നേരം ബൊലോഡ ബസാര്‍ ജില്ലയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. 50,000 ശസ്ത്രക്രിയകള്‍ നടത്തി റിക്കാര്‍ഡിട്ടതിന് സര്‍ക്കാര്‍ പുരസ്‌കാരം നല്‍കി ആദരിച്ച ഡോക്ടറാണ് ഗുപ്ത.
ബിലാസ്പുരിലെ പണ്ഡാര, ഗോറില്ല, മര്‍വാഹി എന്നീ പ്രദേശങ്ങളിലെ ആരോഗ്യകേന്ദ്രങ്ങളില്‍ അറുപതോളം വന്ധ്യംകരണ ശസ്ത്രക്രിയകളാണു സര്‍ക്കാര്‍ നേതൃത്വത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച നടന്നത്. ഇതില്‍ പങ്കെടുത്ത സ്ത്രീകളാണു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. 18 സ്ത്രീകളെ ഛത്തീസ്ഗഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും മറ്റുള്ളവരെ ബിലാസ്പുരിലെ മറ്റു ആരോഗ്യകേന്ദ്രങ്ങളിലുമാണു പ്രവേശിപ്പിച്ചിരിക്കുന്നത്. ഛര്‍ദിയും ശക്തമായ വയറുവേദനയും താഴ്ന്ന രക്തസമ്മര്‍ദവും മൂലം ഇവരില്‍ ആറുപേരുടെ നില ഗുരുതരമാണ്.