വയനാട്: വയനാട് തിരുനെല്ലിയില്‍ കെടിഡിസിയുടെ ഹോട്ടലിനു നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തി. രണ്ട് സ്ത്രീകളടങ്ങുന്ന ആറംഗ സംഘം ടാമറിന്റ് ഹോട്ടലിലെ റിസപ്ഷനും റസ്റ്റോറന്റും അടിച്ചു തകര്‍ത്തു. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ആക്രമണം നടന്നത്. പുലര്‍ച്ചെ മൂന്നുമണിയോടെയുണ്ടായ ആക്രമണത്തിനുശേഷം ലഘുലേഖകളും റസ്റ്റോറന്റില്‍ പതിച്ചു. ആക്രമണ സമയത്ത് റിസോര്‍ട്ടില്‍ താമസക്കാരുണ്ടായിരുന്നെങ്കിലും ആരെയും മാവോയിസ്റ്റുകള്‍ ഉപദ്രവിച്ചില്ല.
അധികാരികളുടേയും കര്‍ഷകരുടെയും ദുരിതങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്ന ഭരണാധികാരികള്‍ ടൂറിസത്തിനായി കോടികള്‍ മുടക്കുന്നു. സന്പന്നരുടെ ടൂറിസ്റ്റ് റിസോര്‍ട്ടുകളല്ല വേണ്ടത്. കാടിന്റേയും മണ്ണിന്റേയും വെള്ളത്തിന്റേയും അവകാശം സ്ഥാപിക്കുക എന്നിങ്ങനെയാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധിക്കണമെന്നും പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.