വാഗ അതിര്‍ത്തി ആക്രമണത്തിന് പിന്നാലെ മോഡിക്കു നേരെയും ഭീകരരുടെ ഭീഷണി

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം വാഗാ അതിര്‍ത്തിയില്‍ ഭീകരാക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന്‍ താലിബാന്‍ ഭീകര്‍ ഏറ്റെടുത്തതിന്റെ പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും താലിബാന്‍ ഭീകരരുടെ ഭീഷണി. തെഹ്‌റീക്ക് ഇ താലിബാന്‍ പാക്കിസ്ഥാന്‍ ജമാത്ത് ഉള്‍ അഹ് റര്‍ എന്ന സംഘടനയാണ് ഭീഷണിക്കു പിന്നില്‍.

വാഗ അതിര്‍ത്തിയില്‍ നടന്ന ഭീകരാക്രമണത്തെ നരേന്ദ്ര മോഡി ട്വിറ്ററിലൂടെ അപലപിച്ചിരുന്നു. വാഗ അതിര്‍ത്തിയില്‍ നടന്ന ഭീകരാക്രമണം ഞെട്ടിക്കുന്നതാണെന്നും, ഞാന്‍ ഭീകരവാദികളുടെ ഇത്തരം ആക്രമണങ്ങളെ കുറ്റപ്പെടുത്തുന്നുവെന്നുമാണ് മോഡി ട്വിറ്ററില്‍ കുറിച്ചിരുന്നത്.

നൂറു കണക്കിന് മുസ്ലിങ്ങളെ കൊന്നയാളാണ് മോഡി. അതിന് പ്രതികാരം ചെയ്യുമെന്നാണ് ജമാത്ത് ഉള്‍ അഹ് റര്‍ സംഘടനയുടെ വക്താവ് എഹ്‌സാനുള്ള എഹ്‌സാന്‍ അറിയിച്ചിരിക്കുന്നത്.

വാഗ അതിര്‍ത്തിയില്‍ നടന്ന ഭീകരാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെടുകയും 110 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്്തിരുന്നു.

Top