നടി ആശാ ശരത്തിന്റെ പരാതിയില്‍ അറസ്റ്റ്; സരിതയുടെ പരാതി ഇപ്പോഴും തൃശങ്കുവില്‍

തിരുവനന്തപുരം: പരാതി ലഭിച്ച് ഒരു മാസത്തിനകം നടി ആശാ ശരത്തിന്റെ വ്യാജ വീഡിയോ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്ത പൊലീസ്, സരിതാ നായരുടെ ഒറിജിനല്‍ ദൃശ്യം പുറത്തായി ഒരു വര്‍ഷമാകാറായിട്ടും പ്രതികളെ പിടികൂടാത്തതില്‍ ദുരൂഹത ഏറുന്നു.

കഴിഞ്ഞ ജൂലൈ 24-നാണ് തന്റെ പേരില്‍ പ്രചരിക്കുന്ന അശ്ലീല ദൃശ്യം ചൂണ്ടിക്കാട്ടി ആശാ ശരത്ത് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നത്.

ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ മലപ്പുറം സ്വദേശികളായ രണ്ട്‌പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ദൃശ്യങ്ങള്‍ ആദ്യം അപ്‌ലോഡ് ചെയ്തത് എവിടെ നിന്നാണെന്ന് നടത്തിയ അന്വേഷണം മലപ്പുറത്തെ ഒരു ഐ.പി അഡ്രസിലേക്ക് എത്തുകയും അവിടെ നിന്നും ഐ.പി അഡ്രസ് ഉപയോഗിച്ചത് ഈ യുവാക്കളാണെന്ന് കണ്ടെത്തുകയുമായിരുന്നു.

ഒരു നടി നല്‍കിയ പരാതിയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടിയ പൊലീസ് എന്തുകൊണ്ടാണ് സംസ്ഥാനത്തിനകത്തും പുറത്തും വിവാദ കൊടുങ്കാറ്റ് അഴിച്ചുവിട്ട് സരിതാ നായരുടെ ഒറിജിനല്‍ വീഡിയോ ദൃശ്യം പുറത്ത് വിട്ടയാളെ അറസ്റ്റ് ചെയ്യാത്തതെന്ന ചോദ്യം ഇവിടെയാണ് പ്രസക്തമാകുന്നത്.

ആശാ ശരത്തില്‍ നിന്നും വ്യത്യസ്തമായി തന്റെ വാട്‌സ് ആപ്പ് ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നില്‍ സംശയിക്കുന്നയാളുടെ പേരും ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ സരിത ചൂണ്ടിക്കാണിച്ചിരുന്നു.

സോളാര്‍ കേസില്‍ തന്നെ അറസ്റ്റ് ചെയ്യുമ്പോള്‍ പിടിച്ചെടുത്ത മൊബൈല്‍-ലാപ്‌ടോപ്പുകളില്‍ ചിലത് കാണാനില്ലെന്നും അവയില്‍പ്പെട്ട ദൃശ്യങ്ങളാണ് പുറത്ത് വന്നതെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഐ.പി.എസ് ഓഫീസര്‍ പത്മകുമാറാണ് ഇതിന് പിന്നിലെന്നുമായിരുന്നു സരിതയുടെ പരാതി.

മുന്‍ എറണാകുളം റേഞ്ച് ഐ.ജിയും ഇപ്പോള്‍ സൗത്ത് സോണ്‍ എ.ഡി.ജി.പിയുമായ പത്മകുമാറിനെതിരെ സരിത ഉയര്‍ത്തിയ ആരോപണം സംസ്ഥാനത്തെ പൊലീസ് സേനക്കാകെ നാണക്കേടായതിനാല്‍ ഇതിന്റെ യാഥാര്‍ത്ഥ്യം കണ്ടുപിടിച്ച് പെട്ടെന്ന് തന്നെ നടപടിയെടുക്കേണ്ടതിന് പകരം അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നത് ഏറെ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നതാണ്.

സരിതയുടെ ആരോപണം തെറ്റാണെങ്കില്‍ ഉന്നതനായ പൊലീസ് ഓഫീസര്‍ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചതിന് പൊലീസിന് നടപടി സ്വീകരിക്കാനും, നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ പത്മകുമാറിനും അവസരമുണ്ടെന്നിരിക്കെ പൊലീസ് എന്തുകൊണ്ടാണ് ഇരുട്ടില്‍ തപ്പുന്നതെന്നാണ് ഇനി അറിയാനുള്ളത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വിവാദ ദൃശ്യം വാട്‌സ് ആപ്പ് വഴി പ്രചരിച്ചത്. ഇതുസംബന്ധമായ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിലും തുടര്‍ന്ന് ഡി.ജി.പിക്കും സരിത നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. തിരുവല്ല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സനല്‍കുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

എ.ഡി.ജി.പി റാങ്കിലുള്ള മുതിര്‍ന്ന ഐ.പി.എസുകാരനെതിരായ പരാതി സംസ്ഥാന പൊലീസ് സര്‍വ്വീസിലെ ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത് തന്നെ കേസ് അട്ടിമറിക്കാനാണെന്ന സംശയവും ഇപ്പോഴുണ്ട്.

ആശാ ശരത്തിന്റെ വീഡിയോ പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്ത വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെയാണ് സരിതയുടെ കേസില്‍ എ.ഡി.ജി.പിയുടെ മൊഴി ഡി.വൈ.എസ്.പി രേഖപ്പെടുത്തിയതായ വിവരവും പുറത്തു വന്നത്.

രണ്ട് സംഭവങ്ങളും താരതമ്യപ്പെടുത്തി വിമര്‍ശനമുയരാതിരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ ഈ ‘ നാടക’മെന്നാണ് ആക്ഷേപം.

Top