കറാച്ചി: പാകിസ്താന്‍ ടീമിലെ ചില താരങ്ങളുടെ വഴിവിട്ട പോക്കും ഒത്തുകളിയും കണ്ട് മനംമടുത്താണ് താന്‍ പരിശീലകസ്ഥാനം ഉപേക്ഷിച്ചതെന്ന് മുന്‍ ക്യാപ്റ്റന്‍ കൂടിയായ ജാവേദ് മിയാന്‍ദാദിന്റെ വെളിപ്പെടുത്തല്‍. 1999ലാണ് മിയാന്‍ദാദ് പരിശീലകസ്ഥാനം ഉപേക്ഷിച്ചത്.
ചില താരങ്ങള്‍ വാതുവെപ്പും ഒത്തുകളിയും പോലുള്ള വഴിവിട്ട കാര്യങ്ങളില്‍ പരസ്യമായി ഇടപെടുകയായിരുന്നു. ഇക്കാര്യം താന്‍ അന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് തലവനായിരുന്ന ഖാലിദ് മെഹമൂദിനെ അറിയിച്ചിരുന്നെന്നും മിയാന്‍ദാദ് പറഞ്ഞു.
124 ടെസ്റ്റുകളും 233 ഏകദിനങ്ങളും പാകിസ്താനുവേണ്ടി കളിക്കുകയും ടീമിനെ നയിക്കുകയും ചെയ്തിട്ടുള്ള മിയാന്‍ദാദ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ ഡയറക്ടര്‍ ജനറല്‍ പദവിയും വഹിച്ചിരുന്നു. 1999 ലോകകപ്പിന് ഏതാനും ആഴ്ചകള്‍ ശേഷിക്കെയാണ് മിയാന്‍ദാദ് സ്ഥാനം രാജിവെച്ചത്. ടീമിലെ ചില താരങ്ങള്‍ മിയാന്‍ദാദിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നതിനെത്തുടര്‍ന്നായിരുന്നു രാജി.
ഷാര്‍ജയില്‍ നടന്ന ടൂര്‍ണമെന്റില്‍ ചില താരങ്ങള്‍ ഒത്തുകളിച്ചതായി മിയാന്‍ദാദ് ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് താരങ്ങള്‍ മിയാന്‍ദാദിനുകീഴില്‍ കളിക്കില്ലെന്ന നിലപാടെടുത്തത്. തുടര്‍ന്നായിരുന്നു രാജി.