തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ത്യാഗം കാണാതിരിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മറ്റിയംഗവുമായ എം. സ്വരാജ്. വിഎസിനെതിരായി താന്‍ സമ്മേളനത്തില്‍ പറഞ്ഞതായി പ്രചരിക്കുന്ന ആരോപണങ്ങളെ തള്ളിക്കളഞ്ഞ് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിലാണ് സ്വരാജ് തന്റെ നിലപാട് വ്യക്തമാക്കിയത്.
പതിറ്റാണ്ടുകള്‍ നീണ്ട പ്രവര്‍ത്തനാനുഭവങ്ങളുള്ള വി എസിനെ പോലുള്ളവരുടെ ത്യാഗം കാണാതിരിക്കുവാന്‍ ആര്‍ക്കു കഴിയില്ല. ത്യാഗ നിര്‍ഭരവും ധീരതാ പൂര്‍ണവുമായ ഒരു കാലഘട്ടത്തിന്റെ സൃഷ്ടിയാണ് അദ്ദേഹം. സമാനതകളില്ലാത്ത ചരിത്രാനുഭങ്ങളിലൂടെ കടന്ന് വന്ന വി എസിനോട് തനിക്കെന്നും ആദരാവാണുള്ളതെന്നും സ്വരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സ്വരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
ഹീനമായ നുണകള്‍ക്ക് സത്യത്തെ തകര്‍ക്കാനാവില്ല.
ഹീനമായ നുണകള്‍ പ്രചരിപ്പിച്ചുകൊണ്ട് ഇഷ്ടമില്ലാത്തവരെ വേട്ടയാടുന്ന നീചമായ അക്രമണങ്ങള്‍ക്ക് ചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങളുണ്ട്. എന്നാല്‍ ആധുനിക സമൂഹത്തിലും ഇത്തരം അക്രമണരീതികള്‍ തന്നെ അവലംബിക്കുന്നവരുടെ മാനസികാവസ്ഥ വിചിത്രമെന്നല്ലാതെ മറ്റെന്തു പറയാന്‍. ഏറെ നാളുകളായി മനസറിയാത്ത കാര്യങ്ങള്‍ക്ക് പഴി കേള്‍ക്കേണ്ടിവരുന്ന ഒരാളാണ് ഞാന്‍. പറയുകയോ, ചിന്തിക്കുകപോലുമോ ചെയ്യാത്ത കാര്യങ്ങളുടെ പേരില്‍ ആക്ഷേപങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമ്പോള്‍ ആദ്യകാലങ്ങളിലുണ്ടായ മാനസിക പ്രയാസമൊന്നും ഇപ്പോഴില്ല. ഈ ഗണത്തില്‍പ്പെടുന്ന നിരവധി അനുഭവങ്ങളെ ഒട്ടൊക്കെ നിസംഗതയോടെ മാത്രമാണ് ഇപ്പോള്‍ ഓര്‍ക്കാന്‍ കഴിയുന്നത്. തുടര്‍ച്ചയായി ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇങ്ങനെയുള്ള പ്രചരണങ്ങളെയൊക്കെ നിസ്സാരമായി അവഗണിച്ചുതള്ളാന്‍ കഴിയുന്ന മാനസികാവസ്ഥയിലേക്ക് നമ്മളെത്തിച്ചേരും.
എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്നത് എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുകൊണ്ടുള്ള നീചമായ നുണപ്രചരണമാണ്. സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍’ വി എസിനെ വെട്ടി പട്ടിക്ക് ഇട്ടുകൊടുക്കണമെന്ന് ഞാന്‍ പറഞ്ഞതായാണ് പ്രചരണം’! ഒരു മലയാള ദിനപ്പത്രമാണ് ഇങ്ങനെയൊരു വാര്‍ത്തയെഴുതിയത്. മനുഷ്യനെ വെട്ടിമുറിച്ച് പട്ടിയുടെ മുന്നിലേക്ക് ഇട്ടുകൊടുക്കണമെന്ന് പറയാന്‍ മടിയില്ലാത്ത ഒരു നീചനാണ് ഞാന്‍ എന്നു പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ മാനസികാവസ്ഥ എത്രമാത്രം വികൃതമാണെന്ന് ഓര്‍ക്കുമ്പോള്‍ നടുങ്ങിപ്പോകുന്നു. പിന്നീട് ആ ദിനപ്പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനിലും മറ്റൊരു ഓണ്‍ലൈന്‍ പത്രത്തിലും ഈ വാര്‍ത്ത വരികയുണ്ടായി. അതിന്റെ ചുവടുപിടിച്ച് സൈബര്‍ലോകത്തും പുറത്തും വമ്പിച്ച അക്രമണങ്ങളാണ് എനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത്. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മേല്‍പറഞ്ഞ രണ്ട് ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്ത പിന്‍വലിക്കുകയുമുണ്ടായി. എന്നാല്‍ നുണപ്രചരണം നടത്തുന്നവര്‍ക്ക് ഇതൊന്നും ബാധകമല്ലല്ലോ.
സിപിഐഎം ന്റെ സംസ്ഥാനസമ്മേളനത്തില്‍ ഇങ്ങനെ ഒരു പരാമര്‍ശമുണ്ടാകുമോ എന്ന് ചിന്തിക്കുവാനുള്ള പ്രാഥമികമായ ബോധമെങ്കിലുമുള്ളവര്‍ ഇതൊക്കെ തള്ളിക്കളയുമെന്ന് ഉറപ്പാണ്. എന്നാല്‍ ദുഷ്ടലാക്കോടെ പ്രചരണം നടത്തുന്നവരുടെ ഉദ്ദേശം വ്യക്തമാണല്ലോ. മുന്‍പും ഈ രീതിയിലുള്ള പ്രചരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ ‘ക്യാപിറ്റല്‍ പണിഷ്‌മെന്റ്’ വിഎസിന് നല്‍കണമെന്ന് ഞാന്‍ പറഞ്ഞതായിട്ടായിരുന്നു പ്രചരണം. ചിലര്‍ അത് വിഎസിനെ തൂക്കിലേറ്റണം എന്ന് പറഞ്ഞതായി തന്നെ പ്രചരിക്കുകയുണ്ടായി. പാര്‍ടിയില്‍ ഇത്തരം ശിക്ഷകളൊന്നും ഇല്ലെന്നുപോലും പ്രചരണകാര്‍ക്ക് പ്രശ്‌നമായിരുന്നില്ല.
ഇതൊക്കെ സമ്പൂര്‍ണമായി അവഗണിച്ച് തള്ളുകയും വ്യക്തിപരമായി ഉയരുന്ന ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാതിരിക്കുകയും ചെയ്യുന്ന എന്റെ ശൈലി നുണപ്രചരണക്കാര്‍ ഒരു സൗകര്യമായി എടുത്തുവെന്നാണ് തോന്നുന്നത്. ഇപ്പോഴത്തെ പ്രചരണം എല്ലാ അതിരുകളും ലംഘിച്ച ഘട്ടത്തില്‍ ഇക്കാര്യത്തില്‍ ഒരു വിശദീകരണം നന്നായിരിക്കുമെന്ന സുഹൃത്തുക്കളുടെ അഭ്യര്‍ത്ഥനയെ മാനിച്ചാണ് ഇപ്പോഴിങ്ങനെയൊരു കുറിപ്പ് എഴുതുന്നത്. പറയാത്ത കാര്യങ്ങളുടെ പേരില്‍ എന്തിന് ഇങ്ങനെ പഴികേള്‍ക്കണമെന്ന് പലഘട്ടങ്ങളിലും പലരും സൂചിപ്പിച്ചിട്ടുള്ളതും ഇവിടെ ഞാനോര്‍ക്കുന്നു. മേല്‍പറഞ്ഞ പരാമര്‍ശങ്ങള്‍ ഞാന്‍ പറയുകയോ ചിന്തിക്കുകപോലുമോ ചെയ്തിട്ടുള്ളതല്ലെന്ന് ഞാന്‍ വ്യക്തമാക്കുന്നു. വിഎസ് പാര്‍ടിയുടെ സമുന്നതനായ നേതാവാണ്. അദ്ദേഹം ത്യാഗം സഹിച്ചിട്ടില്ലെന്ന് ഞാന്‍ പറഞ്ഞതായും ഒരു പത്രമെഴുതിയിരുന്നു. എന്തൊരു അസംബന്ധമാണിത് ഒരു ദിവസമെങ്കിലും പാര്‍ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ളവര്‍പോലും അതിനനുസരിച്ചുള്ള ത്യാഗം സഹിച്ചിട്ടുള്ളവരാണ്. അപ്പോള്‍ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന പ്രവര്‍ത്തനാനുഭവമുള്ള വിഎസിനെപോലുള്ളവരുടെ ത്യാഗം കാണാതിരിക്കാന്‍ ആര്‍ക്കാണ് സാധിക്കുക. ത്യാഗനിര്‍ഭരവും, ധീരതാപൂര്‍ണവുമായ ഒരു കാലഘട്ടത്തിന്റെ സൃഷ്ടിയാണ് വിഎസ് സമാനതകളില്ലാത്ത ചരിത്രാനുഭവങ്ങളിലൂടെ കടന്നുവന്ന വി.എസിനോട് എന്നും ആദരവുമാത്രമാണുള്ളത്. അത് ഇനിയും തുടരും. നേതൃത്വത്തിനുനേരെ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. ചര്‍ച്ചകളുടെ സ്വഭാവം തന്നെ വിമര്‍ശനവും സ്വയംവിമര്‍ശനവുമാണ്. എല്ലാ വിമര്‍ശനങ്ങളും പാര്‍ടിയുടെ അന്തസ്സിനു അനുസരിച്ച് മാത്രമാണ് സമ്മേളനങ്ങളിലുണ്ടാവുകയെന്ന് നുണപ്രചരണക്കാര്‍ മനസ്സിലാക്കണം.
ഞാന്‍ പറഞ്ഞ ഏതെങ്കിലുമൊരു പരാമര്‍ശത്തിന്റെ പേരില്‍ ഏത് വിമര്‍ശനത്തിനും എനിക്കര്‍ഹതയുണ്ട്. എന്നാല്‍ ഞാന്‍ ചിന്തിക്കാത്ത കാര്യങ്ങളുടെ പേരില്‍ എന്നെ ആക്രമിക്കുന്നതില്‍ എന്ത് നീതിയാണുള്ളത് കൃഷ്ണപിള്ളയും, എ കെ ജിയും, ഇ എം എസും തുടങ്ങി വി എസും, പിണറായിയും, കോടിയേരിയും ഒക്കെ മഹാന്മാരായ നേതാക്കന്മാരാണെന്നും എന്നാല്‍ ഇവരെക്കാള്‍ മഹത്തരമാണ് കമ്യൂണിസ്റ്റ് പാര്‍ടിയെന്നും ഞാന്‍ കരുതുന്നു. എനിക്കങ്ങനെ മാത്രമെ ചിന്തിക്കാനാവൂ. ഏതൊരു നേതാവിനെയും വിമര്‍ശിക്കുവാനുള്ള അവകാശം ഏതൊരു പാര്‍ടിയംഗത്തിനുമുണ്ട്. എന്നാല്‍ അത്തരം വിമര്‍ശനങ്ങള്‍ അന്തസ്സോടെയാണ് ഉയര്‍ത്തേണ്ടത് എന്നത് മനസിലാക്കിയിട്ടുള്ളവരാണ് ഞങ്ങളെല്ലാം. ഇല്ലാത്ത പരാമര്‍ശങ്ങളുടെ പേരിലുള്ള ഹീനമായ പ്രചരണങ്ങള്‍ ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ അവസാനിപ്പിക്കണം. മനസ്സറിയാത്ത കാര്യങ്ങളുടെ പേരില്‍ എന്നെ തെറിവിളിക്കുന്നതുകൊണ്ട് ആര്‍ക്കെങ്കിലും പ്രത്യേകമായ മനസുഖം കിട്ടുന്നുണ്ടെങ്കില്‍ അവരത് തുടരുന്നതില്‍ എനിക്ക് വിഷമവുമില്ല.