മൂന്നാര്‍: മൂന്നാറില്‍ സമരം നടത്തുന്ന തോട്ടം തൊഴിലാളികള്‍ക്ക് പിന്തുണയര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മൂന്നാറിലെത്തി. മുദ്രാവാക്യം വിളികളോടെയാണ് സമരക്കാര്‍ വിഎസിനെ എതിരേറ്റത്. തൊഴിലാളികളുടെ ആവശ്യങ്ങള് അംഗീകരിക്കുന്നത് വരെ മൂന്നാറില്‍ തുടരുമെന്നും വി എസ് പറഞ്ഞു.
തൊഴിലാളികളുടെ പേരെഴുതിവെച്ച് ടാറ്റയുടെ പിണിയാളുകള്‍ നടത്തുന്ന തട്ടിപ്പു കമ്പനിയാണ് കണ്ണന്‍ദേവന്‍ കമ്പനിയെന്ന് വിഎസ് . യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെച്ചാണ് കമ്പനിയുടെ ലാഭനഷ്ടം കണക്കാക്കുന്നത്. മൂന്നാറിനെ കലുഷിതമായ അന്തരീക്ഷത്തിലേക്ക് തള്ളി വിടാതിരിക്കാന്‍ എല്ലാവരും ശ്രമിക്കണം.
ആയിരക്കണക്കിന് തൊഴിലാളികള്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാണ് മഞ്ഞും വെയിലും കൊണ്ട് സമരം നടത്തുന്നത്. കണ്ണന്‍ദേവന്‍ കമ്പനിയെ സര്‍ക്കാര്‍ നിലക്ക് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏകപക്ഷീയമായി വെട്ടിക്കുറച്ച ബോണസ് പുനസ്ഥാപിക്കണം. ദിവസക്കൂലി വര്‍ധിപ്പിക്കണം എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. ബോണസ് ഏകപക്ഷീയമായി വെട്ടിക്കുറച്ചതിന് ഒരു ന്യായീകരണവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികളെ തമിഴില്‍ അഭിസംബോധന ചെയ്താണ് വിഎസ് തന്റെ പ്രസംഗം തുടങ്ങിയത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നയങ്ങള്‍ സര്‍ക്കാര്‍ അട്ടിമറിച്ച് കയ്യേറ്റം പ്രോത്സാഹിപ്പിച്ചെന്നും വിഎസ് ആരോപിച്ചു.
മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്ന വേളയിലാണ് സമരത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് തൊഴിലാളികള്‍ക്ക് ആവേശമായി വി.എസ് മൂന്നാറില്‍ എത്തിയത്.
അതേസമയം, തൊഴില്‍ സമരം പരിഹരിക്കുന്നതിനായി തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബിജോണിന്റെ അധ്യക്ഷതയില്‍ മാനേജ്‌മെന്റ് പ്രതിനിധികളും തൊഴിലാളികളും തമ്മിലുള്ള ചര്‍ച്ച ആരംഭിച്ചു. മാനേജ്‌മെന്റ് പ്രതിനിധികള്‍ ആദ്യമായാണ് ചര്‍ച്ചക്ക് തയ്യാറാവുന്നത്.
എട്ടുദിവസമായി തുടരുന്ന സമരം ദിവസേന ശക്തിപ്രാപിച്ചുവരികയാണ്. എസ് രാജേന്ദ്രനും പികെ ശ്രീമതിയും ഉള്‍പ്പടെയുള്ള ജനപ്രതിനിധികളേയും രാഷ്ട്രീയകക്ഷി നേതാക്കളേയും സമരക്കാര്‍ തടഞ്ഞിരുന്നു. രാഷ്ട്രീയക്കാര്‍ ആരും സമരസ്ഥലത്തേക്ക് വരേണ്ടെന്ന് പ്രഖ്യാപിച്ച സമരക്കാര്‍ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെ മാത്രമാണ് മൂന്നാറിലേക്ക് സ്വാഗതം ചെയ്തത്. പാര്‍ട്ടിക്കൊപ്പം സര്‍ക്കാറിനും വിഎസ് സമരവിഷയത്തിലെടുക്കുന്ന നിലപാട് നിര്‍ണായകമാണ്.