തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി സുകേശിന്റെ വെളിപ്പെടുത്തല്‍ പുറത്തായത് വിജിലന്‍സ് ഡയറക്ടര്‍ക്ക് കുരുക്കാകുന്നു.
ബാര്‍ കോഴയില്‍ മന്ത്രി കെ.എം മാണിക്ക് അനുകൂലമായി നിയമോപദേശം നല്‍കിയ അഗസ്റ്റിന്റെ ഉദ്യേശശുദ്ധി തന്നെ അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തതിനാല്‍ ഇനി ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മാണിക്ക് അനുകൂലമായി നിലപാടെടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കഴിയില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
നിയമോപദേശം പരിഗണിക്കേണ്ട ആവശ്യമില്ലെന്ന മുന്‍ വിജിലന്‍സ് ഡയറക്ടര്‍ കെ.ജെ ജോസഫ് ഇറക്കിയ ഉത്തരവ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മാണിക്കെതിരെ 60 സതമാനം തെളിവുണ്ടെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകള്‍ മുന്‍നിര്‍ത്തിയാകും വിജിലന്‍സ് ഡയറക്ടര്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കുകയെന്നാണ് ഉന്നത ഐപിഎസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
അല്ലാത്ത പക്ഷം വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന ആശങ്കയും ഉദ്യോഗസ്ഥ തലത്തിലുണ്ട്.
ഇതിന് സമാനമായ രൂപത്തില്‍ മറ്റ് വിജിലന്‍സ് കേസുകളില്‍ കുറ്റപത്രം നല്‍കിയ സാഹചര്യത്തില്‍, മാണിയെ കുറ്റ വിമുക്തനാക്കിയാല്‍ കോടതിയില്‍ അത് ചോദ്യം ചെയ്യപ്പെടുമെന്നും സുകേശന്‍ നിലപാടില്‍ ഉറച്ച് നിന്നാല്‍ അത് വിജിലന്‍സ് ഡയറക്ടറെ പ്രതിക്കൂട്ടിലാക്കുമെന്നും നിയമവിദഗ്ദരും വ്യക്തമാക്കുന്നു.
ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ബിജു രമേശിനും പ്രതിപക്ഷത്തിനും കോടതിയില്‍ ചൂണ്ടിക്കാട്ടാന്‍ എസ്.പിയുടെ റിപ്പോര്‍ട്ടും നിലപാടും പ്രധാന ആയുധമാകുമെന്നാണ് അവരുടെ നിഗമനം.
ഏറെ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് എസ്.പി സുകേശന്‍ റിപ്പോര്‍ട്ടര്‍ ടി.വിയുടെ ഒളിക്യാമറയില്‍ വെളിപ്പെടുത്തിയത്. പാലായില്‍വച്ച് മാണിക്ക് പണം നല്‍കിയതിന് തെളിവുണ്ടെന്നും നിയമോപദേശം നല്‍കിയ അഗസ്റ്റിന് മുന്നല്‍ ചില വികാരിമാരുടെ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും സുകേശന്‍ തുറന്ന് പറഞ്ഞിരുന്നു.
താന്‍ നല്‍കിയ റിപ്പോര്‍ട്ട് നെറ്റിലിടാന്‍ വെല്ലുവിളിച്ച സുകേശന്‍ നിയമജ്ഞരും ജഡ്ജിമാരും അത് പരിശോധിക്കട്ടെയെന്ന് വെല്ലുവിളിക്കുകയും ചെയ്തു.
കേസ് സിബിഐക്ക് പോകാന്‍ സാധ്യത കൂടുതലായതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാനോ അതല്ലെങ്കില്‍ കൂടുതല്‍ അന്വേഷണത്തിനായി നിര്‍ദേശം നല്‍കാനോ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍ തയ്യാറാകുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന.