വിദ്യാഭ്യാസ പരിഷ്‌കരണം: മ്യാന്‍മറില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ റാലി തടഞ്ഞു

മ്യാന്‍മര്‍: വിദ്യഭ്യാസ നയത്തിലെ പരിഷ്‌കരണം ആവശ്യപ്പെട്ട് മ്യാന്‍മറിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധ റാലി പോലീസ് തടഞ്ഞു. മ്യാന്‍മറിലെ രണ്ടാമത്തെ ഏറ്റവും വലിയ സിറ്റിയായ മന്തലായയില്‍ നിന്നും യാംഗൂണിലേക്കായിരുന്നു പ്രതിഷേധ പ്രകടനം. ഈയിടെ പാര്‍ലിമെന്റ് പാസാക്കിയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്ന് വാദിച്ച് കഴിഞ്ഞ ജനുവരി മുതല്‍ തന്നെ വിദ്യാര്‍ഥികള്‍ ഇവിടെ പ്രതിഷേധത്തിലാണ്.

വടക്ക് യാംഗൂണില്‍ നിന്ന് ഏകദേശം 145 കി.മീറ്റര്‍ അകലെയുള്ള ലെറ്റ് പാഡനില്‍ പത്ത് ദിവസം ഒരുമിച്ച് കൂടിയാണ് ഇവര്‍ റാലി നടത്താനുള്ള തീരുമാനം കൈക്കൊണ്ടത്. പക്ഷേ പ്രതിഷേധക്കാര്‍ നിലയുറപ്പിച്ചിരുന്ന പ്രദേശത്തിനടുത്ത് തന്നെ ജലപീരങ്കി സഹിതം ആയിരക്കണക്കിന് സൈനികര്‍ സന്നദ്ധരായിരുന്നു. ഇനിയും ഇത് തുടരുന്നപക്ഷം രാജ്യത്തിന്റെ നിയമ വ്യവസ്ഥയും സുരക്ഷയും സമാധാനാന്തരീക്ഷവും സംരക്ഷിക്കുന്നതിനായി നടപടി സ്വീകരിക്കേണ്ടി വരുമെന്ന് ഭരണകൂടം പ്രതിക്ഷേധക്കാരെ താക്കീത് ചെയ്തു.

കഴിഞ്ഞ സെപ്തംബറില്‍ പാര്‍ലിമെന്റില്‍ വെച്ച് മന്ത്രിമാര്‍ തീരുമാനിച്ച് പാസാക്കിയ തീരുമാനങ്ങളിലാണ് പ്രതിഷേധത്തിന് കാരണമായ വിദ്യാഭ്യാസ നയം വ്യക്തമാക്കിയിരുന്നത്.

Top