ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തുന്നതില്‍ അധ്യാപകര്‍ക്കു വലിയ പങ്കുണ്ടെന്ന് പ്രധാമനമന്ത്രി നരേന്ദ്ര മോഡി. കുട്ടിയായിരിക്കുമ്പോള്‍ അവരെ പെട്ടെന്നു സ്വാധീനിക്കാം. അന്ന് അധ്യാപകര്‍ എന്തുപകര്‍ന്നുനല്‍കുന്നുവോ അതു ജീവിതാവസാനം വരെ അവരുടെ മനസ്സിലുണ്ടാകും. ഗുരുക്കന്‍മാര്‍ കുട്ടികളില്‍ നിക്ഷേപിച്ചില്ലെങ്കില്‍ അവര്‍ പൂര്‍ണരാകില്ല. എല്ലാ പ്രമുഖ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ശാസ്ത്രജ്ഞന്‍മാര്‍ എന്നിവര്‍ക്കു പിന്നിലും മഹത്‌വ്യക്തികളായ അധ്യാപകരുണ്ടാകുമെന്നും മോദി പറഞ്ഞു.
അമ്മമാര്‍ കുട്ടികള്‍ക്ക് ജന്മം നല്‍കും, അധ്യാപകരാണ് അവര്‍ക്ക് ജീവിതം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. അധ്യാപക ദിനത്തോട് അനുബന്ധിച്ച് കുട്ടികളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍, അവരില്‍ നിന്ന് നല്ലതു സ്വീകരിക്കുവാനുള്ള മനസ്സൊരുക്കമുണ്ടാകണം. എല്ലാവരില്‍ നിന്നും എന്തെങ്കിലും അറിവു ലഭിക്കും. പലതും സ്വാധീനിക്കുകയും ചെയ്യാം. ഞാന്‍ വളരെ ജിജ്ഞാസാലുവായ കുട്ടിയായിരുന്നു. സാധാരണക്കാരില്‍ നിന്നുപോലും വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പഠിക്കാനുണ്ടാകും. ഒരു ട്രെയിന്‍ യാത്രയില്‍ നിന്നു പോലും പുതിയ കാര്യങ്ങള്‍ പഠിക്കാമെന്നും മോദി പറഞ്ഞു.