വിന്‍ഡോസ് 10 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പുമായി എയ്‌സര്‍

എയ്‌സര്‍ മൂന്ന് പുതിയ ലാപ്‌ടോപ്പുകള്‍ പുറത്തിറക്കി. വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എയ്‌സര്‍ അസ്പയര്‍ ഇ5573, അസ്പയര്‍ വി നിട്രോ, അസ്പയര്‍ ആര്‍13 നോട്ട്ബുക്ക് എന്നിവയാണ് പുതിയതായി എയ്‌സര്‍ പുറത്തിറക്കിയ മോഡലുകള്‍.

14 ഇഞ്ച്, 15.6 ഇഞ്ച് എന്നിങ്ങനെ രണ്ടു വ്യത്യസ്ത സ്‌ക്രീന്‍ സൈസുകളില്‍ എയ്‌സര്‍ അസ്പയര്‍ ഇ5573 ലഭ്യമാകും. വിന്‍ഡോസ് 10 ഓഎസിലാണ് ഈ മോഡല്‍ പ്രവര്‍ത്തിക്കുന്നത്. അഞ്ചാം തലമുറ ഇന്റല്‍ കോര്‍ പ്രോസസര്‍, ന്വീദിയ ജിഫോഴ്‌സ് 920?എം ജിപിയു, 16ജിബി റാം, 1ടിബി പരമാവധി സ്റ്റോറേജ് എന്നിവയാണ് ഈ മോഡലിന്റെ പ്രധാന ഫീച്ചറുകള്‍.

സ്‌കൈപിന്റെ അംഗീകാരമുദ്രയോടെയെത്തുന്ന ഈ മോഡലില്‍, വിന്‍ഡോസ് 10ന്റെ വെര്‍ച്വല്‍ വോയിസ് ബേസ്ഡ് അസിസ്റ്റന്‍ഡ് ടെക്‌നോളജി ആയ കൊര്‍ട്ടാനയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സ്വന്തം ട്രൂഹാര്‍മണി ശബ്ദ സംവിധാനമാണുള്ളത്.

മികവുറ്റ ടൈപ്പിങ് അനുഭവം നല്‍കുന്ന പ്രിസിഷ്യന്‍ ടച്ച്പാഡ്, ആക്‌സിഡന്റല്‍ കോണ്ടാക്റ്റ് മിറ്റിഗേഷന്‍ ടെക്‌നോളജി എന്നിവയും ഈ മോഡലില്‍ നല്‍കിയിരിക്കുന്നു. 26,499 രൂപ മുതലാണ് വില.

വിന്‍ഡോസ് 8.1 പതിപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന അസ്പയര്‍ വി നിട്രോയുടെ വിന്‍ഡോസ് 10 മോഡലും കമ്പനി പുതുതായി പുറത്തിറക്കി. പഴയ മോഡലിനു സമാനമായി 15 ഇഞ്ച് 4കെ റസല്യൂഷനുള്ള ഐപിഎസ് ഡിസ്‌പ്ലേ തന്നെയാണ് ഈ മോഡലിലും നല്‍കിയിരിക്കുന്നത്.

അഞ്ചാം തലമുറ ഇന്റല്‍ കോര്‍ ഐ5 പ്രോസസറിനൊപ്പം രണ്ടു ജിബിയുടെയോ നാലു ജിബിയുടെയോ ന്വീദിയ ജിഫോഴ്‌സ് ജിറ്റിഎക്‌സ് 960 എം ജിപിയു ആണു നല്‍കിയിരിക്കുന്നത്. 8 ജിബി, 16 ജിബി റാം വേര്‍ഷനുകളില്‍ ഈ മോഡല്‍ ലഭ്യമാകും. 1ടിബിയാണ് പരമാവധി മെമ്മറി.

എയ്‌സര്‍ ഡസ്റ്റ്ഡിഫന്‍ഡര്‍ ടെക്, ഡോള്‍ബി ഡിജിറ്റല്‍ പ്ലസ് ഹോം തിയറ്റര്‍ (നാലു സ്പീക്കറുകള്‍) എന്നിവയോടെയെത്തുന്ന ഈ മോഡലിന് 1,10,000 രൂപയാണ് ആരംഭവില.

180 ഡിഗ്രിയില്‍ വരെ സ്‌ക്രീന്‍ തിരിയ്ക്കുവാന്‍ സാധിയ്ക്കുന്ന അസ്പയര്‍ ആര്‍13 ലാപ്‌ടോപ്പ് ആണ് മൂന്നാമത്തെ മോഡല്‍. നോട്ട് ബുക്ക് മോഡ്, എസല്‍ മോഡ്, സ്റ്റാന്‍ഡ് മോഡ്, പാഡ് മോഡ്, ടെന്റ് മോഡ്, ഡിസ്‌പ്ലേ മോഡ് എന്നിങ്ങനെ ആറു മോഡുകളില്‍ ഈ മോഡല്‍ ഉപയോഗിക്കുവാനാകും.

13.3 ഇഞ്ച് സ്‌ക്രീനാണ് ഈ മോഡലിനുള്ളത്. 1.5 കിലോഗ്രാമാണ് ഭാരം. അഞ്ചാം തലമുറ ഇന്റല്‍ കോര്‍ ഐ5 സിസ്റ്റം ഓണ്‍ ചിപ് പ്രോസസറിനൊപ്പം 8 ജിബി റാം നല്‍കിയിരിക്കുന്നു. 512ജിബിയാണ് പരമാവധി സ്റ്റോറേജ് കപ്പാസിറ്റി. 89,999 രൂപ മുതലാണ് വില.

Top