വിന്‍സെന്റിനെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കിയതായി കെപിസിസി

തിരുവനന്തപുരം: എം വിന്‍സെന്റ് എംഎല്‍എയെ പിന്തുണച്ച്‌ കെ പി സി സി നേതൃത്വം രംഗത്തെത്തി.

അറസ്റ്റ് ചെയ്തതില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ ആരോപിച്ചു. നെയ്യാറ്റിന്‍കര എംഎല്‍എയുടെയും സിപിഎം നേതാക്കളുടെയും നേതൃത്വത്തില്‍ നടത്തിയ ആസൂത്രിത ഗൂഢാലോചനയുടെ ഫലമായാണ് എം വിന്‍സെന്റ് എംഎല്‍എയെ കേസില്‍ കുടുക്കിയതും അറസ്റ്റ് ചെയ്തതും.

കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതുവരെ എംഎല്‍എ സ്ഥാനം എം വിന്‍സെന്റ് രാജിവെക്കേണ്ടതില്ലെന്നും ഹസന്‍ പറഞ്ഞു.

അതേസമയം വിന്‍സെന്റിനെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കിയതായി എം എം ഹസ്സന്‍ അറിയിച്ചു. കെപിസിസി സെക്രട്ടറി സ്ഥാനത്ത് നിന്നും വിന്‍സെന്റിനെ സസ്‌പെന്റ് ചെയ്തു. കോടതി കുറ്റവിമുക്തനാക്കുന്നത് വരെയാണ് നടപടി.

അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇടതുപക്ഷത്തുണ്ടായിരുന്ന എ.കെ ശശീന്ദ്രനും ജോസ് തെറ്റയിലും പി.ജെ ജോസഫും സമാനമായ കേസുകള്‍ നേരിട്ടപ്പോള്‍ രാജിവച്ചില്ലല്ലോ എന്ന മറുവാദവും ഉയര്‍ത്തുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.

Top