കൊണ്ടോട്ടി: കരിപ്പൂരില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത് ഫയര്‍ ഫേഴ്‌സ് ജീവനക്കാരെന്ന് ഡി.ജി.പി ടി.പി.സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്. പ്രശ്‌നത്തെ സംയമനത്തോടെ നേരിടാതെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ സംഭവം ആളിക്കത്തിച്ചെന്നും ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഡിജിപി റിപ്പോര്‍ട്ട് കൈമാറി.
വിമാനത്താവളത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇരു വിഭാഗത്തിനും തുല്യ പങ്കുണ്ടെന്ന രീതിയിലാണ് ഡി.ജി.പിയുടെ റിപ്പോര്‍ട്ട്. വെടിപൊട്ടിയത് അബദ്ധത്തിലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണ്, അതിനുശേഷം മാത്രമെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് പറയാനാവു എന്നും ഡി.ജി.പി പറഞ്ഞു.
ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ ദേഹപരിശോധന നടത്തുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തിനിടെയുണ്ടായ തര്‍ക്കം ഉന്തിലും തള്ളിലും കലാശിക്കുകയായിരുന്നു. പിടിവലിക്കിടെ അബദ്ധത്തിലാണ് വെടി പൊട്ടിയത്. കേസുമായി ബന്ധപ്പെട്ട് എട്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തിയ വിവരവും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.