വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ മന്ദഗതിയില്‍ : കാലാവസ്ഥ പ്രതികൂലം

സിംഗപ്പൂര്‍ : ഇന്തോനേഷ്യയിലെ ജാവ കടലില്‍ തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനത്തിനായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ഇന്നലേയും തുടര്‍ന്നെങ്കിലും പ്രതികൂല കാലാവസ്ഥ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്താന്‍ അഞ്ച് കപ്പലുകള്‍ വിന്യസിച്ചതായി എയര്‍ ഏഷ്യ പ്രസ്താവനയില്‍ പറഞ്ഞു.

ഇന്തോനേഷ്യയുടെ നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റസ്‌ക്യു ഏജന്‍സിയാണ് അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളും വിമാന അവശിഷ്ടങ്ങളും കണ്ടെത്തുന്നതിന് നേതൃത്വം കൊടുക്കുന്നത്. കിഴക്കന്‍ ജാവയിലെ സുരാബയയില്‍നിന്നും 162 യാത്രക്കാരും വിമാനജീവനക്കാരുമായി സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന എയര്‍ ഏഷ്യയുടെ എയര്‍ബസ് 320200 ഒരാഴ്ചയിലേറെ മുമ്പാണ് ജാവ കടലില്‍ തകര്‍ന്നുവീണത്. ഇതുവരെ 37 മൃതദേഹങ്ങള്‍ കണ്ടെടുത്തുവെങ്കിലും ഒരാഴ്ചയിലേറെ കടലില്‍ കിടന്ന മൃതദേഹങ്ങള്‍ തിരിച്ചറിയുക ബുദ്ധിമുട്ടാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തിരച്ചിലിന് കാലാവസ്ഥയാണ് പ്രധാന വെല്ലുവിളിയെന്നും ഇന്നലെയും കടലില്‍ നാല് മുതല്‍ അഞ്ച് മീറ്റര്‍വരെ ഉയര്‍ന്ന തിരമാലകള്‍ക്കിടെയാണ് തിരച്ചില്‍ തുടര്‍ന്നതെന്നും എയര്‍ ഏഷ്യ പറഞ്ഞു. ജാവ കടലിന്റെ പടിഞ്ഞാറന്‍ ഭാഗം കേന്ദ്രീകരിച്ചാണ് 50 കപ്പലുകളും ഹെലികോപ്റ്ററുകളും 80ലധികം മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ തുടരുന്നത്.

Top