മുംബൈ: പെട്രോള്‍, ഡീസല്‍ വില കുറച്ചതിനു പിന്നാലെ വിമാന ഇന്ധന വില എണ്ണക്കമ്പനികള്‍ വെട്ടിക്കുറച്ചു. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിമാന ഇന്ധന വിലയില്‍ 7.3 ശതമാനമാണ് കുറവു വരുത്തിയത്.
ഓഗസ്റ്റിനു ശേഷം നാലാം തവണയാണ് വിമാന ഇന്ധന വില കുറയ്ക്കുന്നത്. കഴിഞ്ഞ മാസം ഒന്നിന് വിലയില്‍ മൂന്നു ശതമാനത്തോളം കുറവ് വരുത്തിയിരുന്നു. വിമാനങ്ങളുടെ മൊത്തം പ്രവര്‍ത്തന ചെലവിന്റെ നാല്‍പ്പതു ശതമാനവും ഇന്ധനത്തിനാണ് ചെലവഴിക്കുന്നത്. പുതിയ തീരുമാനം വിമാനക്കമ്പനികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ തുടങ്ങിയ എണ്ണക്കമ്പനികള്‍ രാജ്യാന്തര വില നിലവാരത്തിനനുസരിച്ച് എല്ലാ മാസവും ഇന്ധന വില പുനഃപരിശോധിക്കാറുണ്ട്. കഴിഞ്ഞ ദിവസം പെട്രോള്‍ വിലയില്‍ ലിറ്ററിന് രണ്ടു രൂപ 41 പൈസയുടേയും ഡീസല്‍ വിലയില്‍ ലിറ്ററിന് രണ്ട് രൂപ 25 പൈസയുടേയും കുറവ് വരുത്തിയിരുന്നു. ഒരു മാസത്തിനിടയില്‍ രണ്ടു തവണ വില കുറച്ചതോടെ ഡീസല്‍ വില ലിറ്ററിന് 55 രൂപ 60 പൈസ എന്ന നിരക്കിലെത്തി.