ന്യൂഡല്‍ഹി: വിരമിച്ച സൈനികരുടെ ദീര്‍ഘകാല ആവശ്യമായിരുന്ന ഒരേ പദവിക്ക് ഒരേ പെന്‍ഷന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പദ്ധതിയും അതിലെ നിബന്ധനകളും ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പദ്ധതിക്കുവേണ്ടി 8,000 മുതല്‍ 10,000 കോടി രൂപവരെ സര്‍ക്കാരിന് പ്രതിവര്‍ഷം ചിലവഴിക്കേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2014 ജൂലായ് ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ പദ്ധതി നടപ്പാക്കും. അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ പെന്‍ഷന്‍ പരിഷ്‌കരണം നടത്തും. ഒരു വര്‍ഷത്തെ കുടിശിക നാല് തവണകളായി നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സ്വയം വിരമിച്ചരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
എന്നാല്‍ തങ്ങളുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ സമരത്തില്‍നിന്നു സമരം ചെയ്യുന്നവര്‍ സമരത്തില്‍നിന്നു പിന്മാറില്ലെന്നാണു സൂചന. വിആര്‍എസ് നിരാകരിക്കുന്നു, അഞ്ചു വര്‍ഷത്തിനുള്ളില്‍ മാത്രമേ പെന്‍ഷന്‍ പുതുക്കൂ തുടങ്ങിയ വിഷയങ്ങളിലാണു പ്രധാന തര്‍ക്കം നിലനിന്നിരുന്നത്. ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പാടേ നിരാകരിച്ചിരിക്കുകയാണെന്നു സമര സമിതി നേതാക്കള്‍ പറയുന്നു.
ഒരു റാങ്ക്, ഒരു പെന്‍ഷന്‍ പദ്ധതി ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിമുക്തഭഭടന്മാര്‍ കഴിഞ്ഞ 84 ദിവസമായി ജന്തര്‍ മന്ദറില്‍ നിരാഹാരസമരം നടത്തുകയായിരുന്നു. പ്രഖ്യാപനം വന്നതോടെ നിരാഹാര സമരം അവസാനിപ്പിച്ചു. മുന്‍ യുപിഎ സര്‍ക്കാര്‍ അംഗീകരിച്ചതും നിലവിലുള്ള സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതുമായ ഒരു റാങ്ക്, ഒരു പെന്‍ഷന്‍ പദ്ധതിയാണ് ഇപ്പോള്‍ വിമുക്തഭടന്‍മാരുടെ ശക്തമായ സമരത്തെതുടര്‍ന്ന് യാഥാര്‍ഥ്യമായത്.