വിന്‍ഡോസ് 10 അപ്‌ഡേഷന്‍ സൗജന്യമായി

ന്യൂയോര്‍ക്ക്: വിന്‍ഡോസ് പുതിയ പതിപ്പായ ‘വിന്‍ഡോസ് 10’ സൗജന്യമായി അപ്‌ഡേറ്റു ചെയ്യാമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ഒരു വര്‍ഷത്തേക്ക് ഫ്രീ അപ്‌ഡേഷന്‍ ലഭ്യമാക്കുമെന്നാണ് ഇപ്പോഴുള്ള വിവരം.

പെയ്ഡ് സോഫ്റ്റ്‌വെയര്‍ സംവിധാനത്തിന് തന്നെ അന്ത്യം കുറിക്കുന്നതായിരിക്കും മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഗ്രൂപ്പ് തലവന്‍ ടെറി മയേഴ്‌സന്റെ പ്രഖ്യാപനം.

ഇനി ഡസ്‌ക് ടോപ്പിലും, ടാബ്‌ളെറ്റിലും, സ്മാര്‍ട് ഫോണിലും ഒരേപോലെ ഉപയോഗിക്കാവുന്ന വേര്‍ഷനായിട്ടാകും വിന്‍ഡോസ് 10 പുറത്തിറക്കുന്നതെന്നാണ് സൂചന. അതോടൊപ്പം പുതിയ ബ്രൗസര്‍, പുതിയ ഗെയിംമിങ്ങ് അനുഭവം, വലിയ സ്റ്റാര്‍ട്ട് മെനു, യുണിവേഴ്‌സല്‍ ആപ്പ് സംവിധാനം എന്നിവ ഒക്ടോബറില്‍ പ്രതീക്ഷിക്കുന്ന മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 നുണ്ട്.

ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ഇപ്പോള്‍ സോഫ്‌റ്റ്വെയര്‍ അപ്‌ഡേഷന്‍ ഫ്രീയായാണ് നല്‍കുന്നത്. ആപ്പിളും തങ്ങളുടെ ഒ.എസിന്റെ കാര്യത്തില്‍ ഒരു പരിധിവരെ സൗജന്യ നയം തന്നെയാണ് പിന്തുടരുന്നത്. ഗൂഗിളില്‍ നിന്നും ആപ്പിളില്‍നിന്നും ശക്തമായ ഈ മല്‍സരം നേരിടുന്ന വിന്‍ഡോസ് പിടിച്ചുനില്‍ക്കുന്നതിനുള്ള ഭാഗമായാണ് നിലപാട് മാറ്റുന്നതെന്നാണ് സൂചന.

Top