തിരുവനന്തപുരം: കടലിലെ വെടിവെയ്പ്പിന്റെ പേരില്‍ കേരള പൊലീസ് -കോസ്റ്റ്ഗാര്‍ഡ് സംഘര്‍ഷം രൂക്ഷമാകുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരം ഡിജിപി കെ.എസ് ബാലസുബ്രഹ്മണ്യന്‍ ബുധനാഴ്ച കോസ്റ്റ്ഗാര്‍ഡ് തലവനെ ഫോണില്‍ ബന്ധപ്പെട്ട് കേരളത്തിന്റെ പ്രതിഷേധം അറിയിച്ചു. വെടിവെയ്പ്പിനെ ചെന്നിത്തല പരസ്യമായി വിമര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള തീരസംരക്ഷണ സേനയാണ് കോസ്റ്റ്ഗാര്‍ഡ്.
എന്നാല്‍ വെടിവച്ചതില്‍ ഒരു തെറ്റുമില്ലെന്ന നിലപാടില്‍ കോസ്റ്റ് ഗാര്‍ഡ് ഉറച്ചു നില്‍ക്കുകയാണ്. ഇക്കാര്യം അവര്‍ ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എങ്കിലും കേരളത്തിന്റെ പ്രതിഷേധം പരിഗണിച്ച് ആഭ്യന്തര അന്വഷണത്തിന് കോസ്റ്റ്ഗാര്‍ഡ് ഉത്തരവിട്ടിട്ടുണ്ട്. കേരളപൊലീസും ഉന്നതതല അന്വേഷണം നടത്തുന്നുണ്ട്.
തിങ്കളാഴ്ച രാത്രിയാണ് കൊല്ലം സ്വദേശി ജാസ്മിന്റെ ഉടമസ്ഥതയിലുള്ള മത്സ്യബന്ധന ബോട്ടിന് നേരെ വിഴിഞ്ഞത്ത് ബീമാപ്പള്ളിക്കു സമീപം വച്ച് കോസ്റ്റ് ഗാര്‍ഡ് വെടിയുതിര്‍ത്തത്. ബോട്ടിന് നേരെ 13 റൗണ്ട് വെടിവച്ചതായാണ് അറിയുന്നത്. ഇതില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. അതേസമയം, ബോട്ടിനെ കുറിച്ച് ദുരൂഹത നിലനില്‍ക്കുന്നുണ്ട്. കേന്ദ്ര ഇന്റലിജന്‍സും റോയും ഇതേകുറിച്ച് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ ഇറ്റാലിയന്‍ നാവികരുടെ വെടിവെയ്പ്പില്‍ മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തിലെ വിവാദം ഇനിയും കെട്ടടങ്ങാത്ത സാഹചര്യത്തില്‍ കരുതലോടെയാണ് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഇടപെടുന്നത്.
എന്നാല്‍ വെടിവെയ്പ്പിനെ സംസ്ഥാന ആഭ്യന്തരമന്ത്രി കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് വി.എം സുധീരനും സിപിഎം നേതാക്കളും ഇതിലെ അതൃപ്തി പ്രകടിപ്പിച്ചു. ഇതോടെയാണ് മന്ത്രിയുടെ നിര്‍ദേശപ്രകാരം ഡിജിപി കോസ്റ്റ്ഗാര്‍ഡുമായി സംസാരിച്ചത്. എന്നാല്‍ എല്ലാ നിബന്ധനകളും പാലിച്ചാണ് വെടിവച്ചതെന്നും മുന്നറിയിപ്പ് അവഗണിച്ചതായുമാണ് അവര്‍ അറിയിച്ചത്. പക്ഷേ, വെടിവെയ്പ്പ് ഒഴിവാക്കാമായിരുന്നെന്ന നിലപാടാണ് ഡിജിപി അറിയിച്ചത്.
സംഭവത്തെക്കുറിച്ച് കേരള പൊലീസും കോസ്റ്റ്ഗാര്‍ഡും വെവ്വേറെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ വരും നാളുകളില്‍ വെടിവെയ്പ്പ് സംബന്ധിച്ച ഭിന്നത ശക്തമാകും.