വിഴിഞ്ഞത്ത് നിന്ന് മാലിയിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ അപകടത്തില്‍ പെട്ടു

വിഴിഞ്ഞം: വിഴിഞ്ഞത്ത് നിന്ന് മാലിയിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ അപകടത്തില്‍ പെട്ടു. നടുക്കടലില്‍ ചോര്‍ച്ചയെ തുടര്‍ന്ന് വെള്ളം കയറി അപകടത്തില്‍പ്പെടുകയായിരുന്നു. കപ്പലിലെ 11 ജീവനക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാത്രി എട്ടരയോടെ വിഴിഞ്ഞം തുറമുഖത്തുനിന്ന് മാലിയിലേക്ക് ചരക്കുമായി പോയ എം.വി. മിന്നത്ത് എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്.

കോവളത്തുനിന്നും ഏഴ് നോട്ടിക്കല്‍ മൈല്‍ ഉള്‍ക്കടലില്‍ എത്തിയതോടെയാണ് കപ്പലിന്റെ അടിത്തട്ടില്‍ വെള്ളം നിറയുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തടയാനുള്ള ശ്രമം വിഫലമായതോടെ കപ്പല്‍ വിഴിഞ്ഞത്തേയ്ക്ക് തിരിച്ചുവിട്ടു. എന്നാല്‍ വെള്ളം ഇരച്ചുകയറിയതോടെ കപ്പലിന്റെ മുന്നോട്ടുള്ള പ്രയാണം നിലച്ചു.

പൂവാറിന് 13 കിലോമീറ്റര്‍ ഉള്‍ക്കടലില്‍ നങ്കുരമിട്ട കപ്പലിന്റെ രക്ഷയ്ക്കായി സേനാ ബോട്ടുകള്‍ കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കപ്പലിന്റെ മുകള്‍ തട്ടിലിരിക്കുന്ന ജീവനക്കാര്‍ക്ക് രക്ഷപ്പെടാന്‍ കപ്പലിലെ തന്നെ ചെറുബോട്ടും സജ്ജമാക്കിയിട്ടുണ്ട്. തീരദേശ പോലീസിന്റെയും കോസ്റ്റ്ഗാര്‍ഡിന്റെയും മുങ്ങല്‍ വിദഗ്ധര്‍ വെള്ളം നിറയുന്നത് കണ്ടുപിടിച്ച് അടയ്ക്കാനുള്ള ശ്രമം തുടരുകയാണ്. രാത്രിയിലെ ശക്തമായ കടല്‍ത്തിരയ്ക്ക് ശമനമുണ്ടായെങ്കിലും കപ്പലില്‍ നിറച്ചിരിക്കുന്ന പച്ചക്കറികളുടെ ഭാരം രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായി അധികൃതര്‍ അറിയിച്ചു. കേരളം തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുമായി ശേഖരിക്കുന്ന പച്ചക്കറികള്‍ ആഴ്ചയിലൊരിക്കല്‍ മാലിയിലേക്ക് കൊണ്ടുപോകുന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്.

Top