കാബൂള്‍: മുന്‍ ധനമന്ത്രി അഷ്‌റഫ് ഗാനിയെ അഫ്ഗാനിസ്ഥാന്റെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുത്തു. ഏറെ വിവാദം സൃഷ്ടിച്ച ജൂണ്‍ 14ലെ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നലെയാണ് പ്രഖ്യാപിച്ചത്. മുഖ്യ എതിരാളി അബ്ദുള്ള അബ്ദുള്ളയുമായി ധാരണയിലെത്തിയശേഷമാണ് ഗാനിക്ക് പ്രസിഡന്റാകാനായത്. ഇരു നേതാക്കളും തമ്മില്‍ അധികാര പങ്കാളിത്തത്തിനുള്ള ഉടമ്പടി ഒപ്പു വച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെ ഇരു കക്ഷികളും ജയം പ്രഖ്യാപിച്ചതോടെയാണ് അഫ്ഗാനിസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. 13 വര്‍ഷത്തെ അധിനിവേശത്തിനൊടുവില്‍ നാറ്റോ സേന പിന്മാറിയ സാഹചര്യത്തിലാണ് രാജ്യം കടുത്ത പ്രതിസന്ധിയിലായത്.
പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടന്ന പത്തുമിനിറ്റ് ദൈര്‍ഘ്യമുള്ള ചടങ്ങില്‍ ഗാനിയും അബ്ദുള്ളയും പങ്കെടുത്തു. ഇരു നേതാക്കളും പരസ്പരം ആശ്ലേഷിച്ചു. അതേസമയം, അധികാര ഉടമ്പടിയെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നുമുണ്ടായിട്ടില്ല. പ്രധാനമന്ത്രിയുടെ തുല്യ പദവിയോടു കൂടിയുള്ള സിഇഒയെ നോമിനേറ്റ് ചെയ്യാന്‍ അബ്ദുള്ള അബ്ദുള്ളയെ ഏല്‍പ്പിച്ചിട്ടുണ്ട്. സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഗാനിയെ പ്രസിഡന്റായി പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ണമായതായി അറിയിക്കുകയുമുണ്ടായി.
തെരഞ്ഞെടുപ്പിന്റെ പ്രാഥമിക റൗണ്ട് മുതല്‍ ഗാനി പ്രസിഡന്റ് ആകാനുള്ള സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മറുപക്ഷം ജയപ്രഖ്യാപനം നടത്തിയാണ് ഇതിനെ നേരിട്ടത്. രണ്ടു നേതാക്കളും തമ്മില്‍ അഫ്ഗാനിസ്ഥാന്റെ ഭാവിയെക്കരുതി ഉടമ്പടിയിലെത്തിയത് സ്വാഗതാര്‍ഹമാണെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഹമീദ് കര്‍സായി പറഞ്ഞു.