വിവാദ പ്രസംഗം: തൊഗാഡിയയ്‌ക്കെതിരായ കേസ് നിലവിലില്ലാത്തത്

കോഴിക്കോട്: മാറാട് കലാപത്തിനുശേഷം വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ നടത്തിയ വിവാദ പ്രസംഗ കേസ് നിലവിലില്ലാത്തതെന്ന് പൊലീസ് സ്ഥിരീകരണം. തൊഗാഡിയയ്‌ക്കെതിരായി 2003ലെ മാറാട് കലാപത്തിന് ശേഷം കോഴിക്കോട് വെച്ച് നടത്തിയ വിവാദ പ്രസംഗത്തിനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കോടതിയില്‍ നിലവില്ലെന്നും കുറ്റപ്പത്രം സമര്‍പ്പിക്കാത്തതിനാല്‍ കേസ് നേരത്തെ തന്നെ തള്ളിപ്പോയതായും പൊലീസ് അറിയിച്ചു.

കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ഹിന്ദുഐക്യവേദി സംഘടിപ്പിച്ച പരിപാടിയുടെ വേദിയില്‍വെച്ച് തൊഗാഡിയ വര്‍ഗീയ ചുവ കലര്‍ന്ന പ്രസംഗം നടത്തിയിരുന്നു. വേദിയില്‍ മൈക്ക് ഉപയോഗിക്കാനും പ്രസംഗം നടത്താനും പോലീസ് അനുമതി നല്‍കിയിരുന്നില്ല.

ഈ സാഹചര്യം കണക്കിലെടുത്ത് കസബ പോലീസ് അന്ന് തന്നെ തൊഗാഡിയയ്ക്കും മറ്റ് 7 പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിന്നീട് 2013 ല്‍ കേസ് പിന്‍വലിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ നടപടിക്രമങ്ങള്‍ പാലിച്ച് കേസ് പിന്‍വലിക്കാമെന്ന് അഡീഷണല്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. കേസ് പിന്‍വലിക്കുന്നു എന്ന തീരുമാനം ഇന്നലെ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. പിന്നീട് പോലീസ് കേസിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്തിയപ്പോഴാണ് കേസ് കോടതിയില്‍ ഇല്ലെന്ന് തെളിഞ്ഞത്.

Top