തിരുവനന്തപുരം: കേന്ദ്ര- സംസ്ഥാന നേതാക്കള്‍ക്കെതിരായ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയും പി.ബി കമ്മീഷന്റെ അന്വേഷണ പരിധിയില്‍.
ഇന്ന് സമാപിച്ച കേന്ദ്ര കമ്മിറ്റിയുടേതാണ് തീരുമാനം.
ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങി വന്ന അച്യുതാനന്ദന്റെ അച്ചടക്ക ലംഘനവും സംസ്ഥാന സെക്രട്ടറിയേറ്റിന്റെ കത്തും പി.ബി കമ്മീഷന്‍ പരിശോധിക്കും.
അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ ‘കടുത്ത’ വിചാരണക്ക് വി.എസിനെ സംസ്ഥാന നേതൃത്വം കേന്ദ്ര കമ്മിറ്റിയില്‍ വിധേയമാക്കാതിരുന്നത്.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നാല്‍ വി.എസിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന നേതൃത്വം മുന്‍കൈ എടുക്കുമോ എന്നാണ് ഇനി കണ്ടറിയാനുള്ളത്.
ഇടത് മുന്നണി സ്ഥാനാര്‍ത്ഥി വിജയകുമാര്‍ പരാജയപ്പെട്ടാല്‍ പിന്നെ വി.എസിനെതിരെ നടപടിയുമായി മുന്നോട്ട് പോകുന്നത് ആത്മഹത്യാപരമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അതിനാല്‍ തന്നെ വിജയം ഔദ്യോഗിക പക്ഷത്തിന് അനിവാര്യവുമാണ്.
എന്നാല്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റി മൂലക്കിരുത്തുമെന്നാണ് പിണറായി വിഭാഗം നേതാക്കള്‍ വ്യക്തമാക്കുന്നത്.
അപ്രതീക്ഷിതമായി ബിജെപി നേതാവ് രാജഗോപാല്‍ സ്ഥാനാര്‍ത്ഥിയായതാണ് ഇപ്പോള്‍ സിപിഎമ്മിന്റെ ഉറക്കം കെടുത്തുന്നത്.
ഭരണപക്ഷ വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാനും പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കേണ്ട വോട്ടുകളില്‍ ഒരു വിഭാഗം ബിജെപി സ്ഥാനാര്‍ത്ഥിക്കും പി.സി ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ത്ഥിക്കും ലഭിക്കാനും അതുവഴി യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കാനും സാധ്യതയുണ്ടെന്നാണ് സിപിഎം കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.
ഈ സാധ്യത ഒഴിവാക്കാന്‍ പി.സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിയെ അവസാന നിമിഷം പിന്‍വലിച്ച് ഇടത് സ്ഥാനാര്‍ത്ഥിക്ക് പിന്‍തുണ നല്‍കിപ്പിക്കാനും അണിയറയില്‍ നീക്കമുണ്ട്.
ആം ആത്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി വരാതിരിക്കാന്‍ ആം ആദ്മി പര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സാറാ ജോസഫുമായി ബന്ധമുള്ള സിപിഎം നേതാക്കള്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും അത് ഫലവത്താകുമോ എന്ന കാര്യത്തില്‍ സിപിഎം നേതാക്കള്‍ക്ക് തന്നെ ആശങ്കയുണ്ട്.
പിണറായി വിജയന്റെ മുഖ്യമന്ത്രി സ്വപ്നത്തെയും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെയും അരുവിക്കര സ്വാധീനിക്കുമെന്നതിനാല്‍ ആവനാഴിയിലെ മുഴുവന്‍ ആയുധങ്ങളും സംഘടനാ സംവിധാനങ്ങളും ഉപയോഗിച്ചാണ് സിപിഎമ്മിന്റെ പോരാട്ടം.